മുംബൈ:- രാജ്യത്ത് കൊവിഡ് രോഗം ഏറ്റവുമധികം വലയ്ക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിൽ രോഗം നിയന്ത്രിക്കാൻ ഇനിയും ലോക്ഡൗൺ തിരികെ കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഓഫീസ് ഔദ്യോഗിക ട്വിറ്റർ പേജിൽ അറിയിച്ചു. സംസ്ഥാനത്ത് വീണ്ടും ലോക്ഡൗൺ കൊണ്ടുവന്നേക്കുമെന്ന ഊഹാപോഹങ്ങളെ തള്ളിയിരിക്കുകയാണ് ഈ ട്വീറ്റിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ്.
നിർദ്ദേശങ്ങൾ അനുസരിച്ചും സാമൂഹിക അകലം പാലിച്ചും രോഗത്തെ പ്രതിരോധിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ. 'ലോക്ഡൗൺ തിരികെ കൊണ്ടുവരികയില്ല.ജനങ്ങൾ എവിടെയും കൂട്ടംകൂടി നിൽക്കരുതെന്നും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി അപേക്ഷിക്കുന്നു.' പേജിൽ പറയുന്നു.
'കൊവിഡ് മൂലമുള്ള ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വ്യായാമത്തിനും ജോഗിങിനുമെല്ലാം അനുമതി നൽകിയത് ജനങ്ങളുടെ നല്ലതിനാണ്. വലിയ ജനക്കൂട്ടത്തെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ജനങ്ങൾ സാമൂഹിക അകലം പാലിക്കണം. അല്ലാത്ത പക്ഷം വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ നിർബന്ധിതരാകും.' മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ഒരാഴ്ചയ്ക്കകം 500 ഐസിയു മെത്തകൾ സംസ്ഥാനത്ത് ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞു.
മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 97000 കടന്നു. 3590 പേർ മരണമടഞ്ഞു. നഗരത്തിലെ ചേരി പ്രദേശമായ ധാരാവിയിൽ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം കുറഞ്ഞു. രോഗം ഭേദമാകുന്നവരുടെ നിരക്ക് 50 ശതമാനം ആയിട്ടുണ്ട്.