imran-khan-

കറാച്ചിയിൽ എന്താണ് സംഭവിക്കുന്നത്? കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ പാകിസ്ഥാനിൽ ട്രന്റായി മാറിയ സന്ദേശം ഇതായിരുന്നു. പാക് അതിർത്തി കടക്കാൻ ഇന്ത്യൻ മിഗ് യുദ്ധവിമാനം ശ്രമിച്ചെന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തു. പാക് വ്യോമസേനയുടെ വിമാനങ്ങളുടെ പരിശീലന പറക്കൽ പോലും ഇന്ത്യയുടെ ആക്രമണമെന്ന തരത്തിൽ പരിഭ്രാന്തിയുണ്ടാക്കുകയാണ്. അടുത്തിടെയായി ഇതൊരു പതിവ് സംഭവമായി മാറിയിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന തങ്ങലുടെ ബലം പ്രകടിപ്പിച്ചത് മുതൽ പാകിസ്ഥാനികൾ ഇന്ത്യയെ ഭയപ്പെട്ടു തുടങ്ങി. ഇതിന് മുൻപ് ലാദൻ വധത്തിനായി അമേരിക്കൻ വിമാനങ്ങൾ അതിർത്തി കടന്നപ്പോഴും സമൂഹ മാദ്ധ്യമങ്ങളിലായിരുന്നു അസാധാരണ സംഭവമുണ്ടായി എന്ന ആദ്യ സൂചനകൾ പുറം ലോകത്തെത്തിയത്.

ഇന്ത്യൻ മണ്ണിലേക്ക് ആളും അർത്ഥവും പകർന്ന് നൽകി തീവ്രവാദ ആക്രമണങ്ങൾ സംഘടിപ്പിച്ചപ്പോൾ തിരിച്ചടി മുഖം മൂടിയില്ലാതെ, സൈനികരെ വച്ചുനൽകുമെന്ന കൃത്യമായ സന്ദേശം മോദി ഭരണകൂടം നൽകിയിരുന്നു. മിന്നലാക്രമണത്തിനു ശേഷം റഡാറുകൾ സുരക്ഷയൊരുക്കുന്ന ആകാശക്കോട്ട പോലും നിസാരമായി ഭേദിച്ച് പ്രഹരിക്കുവാൻ കഴിയുമെന്ന് ഇന്ത്യ ബലാക്കോട്ട് സംഭവത്തോടെ തെളിയിച്ചു നൽകി. ഇതിനു ശേഷം പാക് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും പല തവണ ഇന്ത്യ തങ്ങളെ ആക്രമിക്കുവാൻ കോപ്പു കൂട്ടുന്നുവെന്ന മുറവിളിയുണ്ടായി. ഇന്ത്യയിൽ അനിഷ്ടമായ എന്തെങ്കിലും തങ്ങളുടെ കൈകളിലൂടെ നടന്നാൽ തിരിച്ചടി പതിൻമടങ്ങായി കിട്ടുമെന്ന ചിന്ത പാകിസ്ഥാൻ ജനതയുടെ മനസിലും വേരൂന്നിയിരിക്കുകയാണ്. ഇന്ത്യ പാക് യുദ്ധം പ്രവചിച്ച് നിരവധി തവണ പാക് മന്ത്രിമായ തീയതി വരെ കുറിച്ചത് ഫലത്തിൽ ആ രാജ്യത്തെ ജനങ്ങളുടെ മനോനില തെറ്റിച്ചുവെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്. പതിവ് പരിശീലന പറക്കലുകൾ സ്വന്തം ജനതയുടെ ഉറക്കം കെടുത്തുന്നതോടെ പെട്ടത് പാക് വ്യോമസേനയാണ്. യുദ്ധസമാനമായ സാഹചര്യങ്ങളിൽ കഴിവ് പൂർണമായും പ്രകടിപ്പിക്കണമെങ്കിൽ പരിശീലനം അത്യന്താപേക്ഷികമാണ്.

ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 ലയിപ്പിച്ച ഇന്ത്യൻ നടപടിക്ക് എതിരെ ലോക ശ്രദ്ധ ലഭിക്കുവാൻ കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇമ്രാൻ ഖാന് ഒന്നും നേടിയെടുക്കാനായില്ല. അറബ് രാജ്യങ്ങളുടെ പോലും വിശ്വസ്തത മുൻകാലങ്ങളിലേത് പോലെ നിലനിർത്തുവാൻ അദ്ദേഹത്തിനാവുന്നില്ല എന്ന സത്യം പാകിസ്ഥാനികളെ നിരാശയിലാഴ്ത്തുന്നുണ്ട്. പാക് സൈന്യവും ഇമ്രാൻ ഖാന് എതിരാവുന്നു എന്ന സൂചനയാണ് ഒടുവിൽ ലഭിക്കുന്നത്. അടുത്തൊരു അട്ടമറിക്ക് പാക് സൈന്യം ഒരുങ്ങുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും ചില മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയിൽ നിന്നും രാജ്യത്തെ കരകയറ്റാൻ പഠിച്ച പണിയെല്ലാം പയറ്റിയിട്ടും ഇമ്രാൻ ഖാൻ സർക്കാരിന് കഴിയാത്തത് സൈന്യത്തിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ചൈനയുമായി കൂട്ടുകൂടുമ്പോൾ അമേരിക്കയുമായി അകലേണ്ടി വരുമെന്ന സത്യം പാകിസ്ഥാൻ തിരിച്ചറിഞ്ഞിരിക്കുന്നു.