വെല്ലിംഗ്ടൺ : കൊറോണ വൈറസിനെ തുടർന്ന് അതിർത്തികളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താനൊരുങ്ങി ന്യൂസിലൻഡ്. 2009ൽ പുറത്തിറങ്ങിയ ഓസ്കാർ നേടിയ ഹോളിവുഡ് മെഗാഹിറ്റ് സിനിമയായ ' അവതാറി'ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി സംവിധായകൻ ജെയിംസ് കാമറൂണിനെയും സംഘത്തിനെയും രാജ്യത്തേക്ക് പ്രവേശിപ്പിച്ചതിനെതിരെ ഒരു വിഭാഗം പ്രതിഷേധത്തിലായിരുന്നു. കഴിഞ്ഞ മാസമാണ് ന്യൂസിലൻഡ് സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ഷൂട്ടിംഗിനായി കാമറൂണും 55 അംഗ സംഘവും ലോസ്ആഞ്ചലസിൽ നിന്നും വെല്ലിംഗ്ടണിൽ എത്തിയത്. എന്നാൽ അതിർത്തികൾ അടഞ്ഞു കിടന്നതിനാൽ രാജ്യത്തിന് അകത്തേക്ക് കടക്കാൻ കഴിയാതിരുന്നവർ ഇതിനെതിരെ പ്രതിഷേധമറിയിക്കുകയായിരുന്നു. മാർച്ചിലാണ് പൗരന്മാർ അല്ലാത്തവർക്കും സ്ഥിര താമസക്കാർ അല്ലാത്തവർക്കും മുന്നിൽ ന്യൂസിലൻഡിന്റെ അതിർത്തികൾ അടഞ്ഞത്. ഈ ആഴ്ചയാണ് ചികിത്സയിലായിരുന്ന അവസാന കൊവിഡ് 19 രോഗിയും ആശുപത്രി വിട്ടതോടെ തങ്ങൾ കൊറോണ വൈറസ് മുക്തമായതായി ന്യൂസിലൻഡ് പ്രഖ്യാപിച്ചത്.

കാമറൂണിനും സംഘത്തിനും മാത്രം രാജ്യത്തേക്ക് കടക്കാൻ പ്രത്യേക അനുമതി നൽകിയതിൽ അതൃപ്തിയറിയിച്ച് നിരവധി പേർ സർക്കാരിനെ സമീപിച്ചിരുന്നു. ഇതോടെയാണ് മറ്റുള്ളവർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന വിലക്കിന് അയവ് വരുത്താൻ തീരുമാനിച്ചത്. ഒരു ന്യൂസിലൻഡ് പൗരന്റെയോ രാജ്യത്തെ സ്ഥിര താമസക്കാരുടെയോ ആശ്രതർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള ഇളവുകൾ അടുത്താഴ്ച മുതൽ നിലവിൽ വരുമെന്ന് ഇമിഗ്രേഷൻ വകുപ്പ് മന്ത്രി ലെയ്ൻ ലീസ് ഗാലൊവെ പറഞ്ഞു. സാങ്കേതിക മേഖലകളിലേയോ പ്രത്യേക പ്രോജക്ടുകളുടെയോ ഭാഗമായ ജീവനക്കാർക്കും മാനദണ്ഡങ്ങളോടെ അടുത്താഴ്ച മുതൽ പ്രവേശനാനുമതി നൽകും. എന്നാൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. കാമറൂണും സംഘവും വെല്ലിംഗ്ടണിലെ ഹോട്ടലിൽ തന്നെയാണ് ഇപ്പോഴും. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കൊവിഡിനെ പടിയ്ക്ക് പുറത്ത് നിറുത്താനും അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.