ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്ര് ടീമിന്റെ സിംബാബ്‌വെ പര്യടനവും ഉപേക്ഷിച്ചുവെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. നേരത്തേ ജൂൺ 24 മുതൽ ശ്രീലങ്കൻ പര്യടനവും ആഗസ്റ്റ് 22 മുതൽ സിംബാബ്‌വെ പര്യടനവും നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇന്ത്യയിൽ കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് പര്യടനങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത്. ലോക്ക്ഡൗണായതിനാൽ താരങ്ങൾ മൂന്ന് മാസത്തോളമായി പരിശീലനം നടത്തിയിട്ടില്ല.
കരാറുള്ള താരങ്ങളെ ഉൾപ്പെടുത്തി ട്രെയിനിംഗ് ക്യാമ്പ് അധികം വൈകാതെ ആരംഭിക്കും. താരങ്ങളെ മത്സരങ്ങൾക്ക് സജ്ജമാക്കാൻ ആറ് ആഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് സപ്പോർട്ടിംഗ് സ്റ്രാഫ് അറിയിച്ചിരിക്കുന്നതെന്ന് ജയ്ഷായുടെ പ്രസ്താവനയിൽ പറയുന്നു. പുറത്ത് സംഘമായി പരിശീലിക്കാൻ സർക്കാരിന്റെ അനുമതി കിട്ടിയശേഷം മാത്രമേ പരിശീലനം തുടങ്ങൂവെന്നും ജയ് ഷാ അറിയിച്ചു.