aslam-baba
ASLAM BABA

രത്‌ലം: കൊവിഡ് ഭേദമാക്കുമെന്ന് പ്രഖ്യാപിച്ച് രോഗബാധിതരായ ഭക്തരുടെ കയ്യിൽ ചുംബിച്ച മദ്ധ്യപ്രദേശ് രത്‌ലം ജില്ലയിലെ ആൾദൈവം 'അസ്‌ലം ബാബ' കൊവിഡ് ബാധിച്ച് മരിച്ചു.

ജൂൺ മൂന്നിനാണ് അസ്‌ലം ബാബയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഏകദേശം 50 പേർ ബാബയുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായി രത്‌ലം എസ്.പി ഗൗരവ് തിവാരി അറിയിച്ചു. അസ്‌ലം ബാബ താമസിച്ചിരുന്ന നയപുര പ്രദേശത്തെ 150 പേരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ കണ്ടെയ്ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചു.

ബാബയുമായി സമ്പർക്കമുണ്ടായ 19 പേർക്ക് വൈറസ് ബാധയുണ്ടായതായി സംസ്ഥാന ആരോഗ്യവകുപ്പിനെ ഉദ്ധരിച്ച് ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു.

കൊവിഡ് 19 നെ കുറിച്ചുള്ള മാർഗനിർദേശങ്ങൾ അവഗണിച്ച് നിരവധിപേർ അന്ധവിശ്വാസങ്ങൾക്ക് പിറകേ പോകുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ ഭാഗത്തായി ഏകദേശം 32 'ബാബ'മാരെ ക്വാറന്റൈൻ ചെയ്തതായി അധികൃതർ അറിയിച്ചു. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
രത്‌ലത്തിൽ 85 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 44 പേർ രോഗമുക്തരായി. നാലുപേർ മരിച്ചു.