മുംബയ്: മഹാരാഷ്ട്ര സാമൂഹികനീതി വകുപ്പ് മന്ത്രിയും എൻ.സി.പി നേതാവുമായ ധനജ്ഞയ് മുണ്ടെയ്ക്കും അദ്ദേഹത്തിന്റെ ആറ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉദ്ധവ് താക്കറെ സർക്കാരിൽ കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണിദ്ദേഹം. ഇതിന് മുമ്പ് ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാദ്, പൊതുമരാമത്ത് മന്ത്രി അശോക് ചവാൻ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും പിന്നീട് രോഗമുക്തരായി.
വ്യാഴാഴ്ച രാത്രിയാണ് ധനജ്ഞയ് മുണ്ടയുടെ കൊവിഡ് പരിശോധന ഫലം പുറത്തു വന്നത്. അദ്ദേഹം മുംബൈയിൽ ക്വാറന്റൈനിലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രോഗലക്ഷണങ്ങളില്ല എന്നാണ് വിവരം.
മന്ത്രിയുടെ രണ്ട് ഡ്രൈവർമാർ, പാചക്കകാരൻ, പേഴ്സണൽ അസിസ്റ്റന്റ് അടക്കമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാവരും ചികിത്സയിലാണ്. ചൊവ്വാഴ്ച നടന്ന മന്ത്രിസഭായോഗത്തിൽ ഇദ്ദേഹം പങ്കെടുത്തതിനാൽ മന്ത്രിസഭയിലെ മറ്റു അംഗങ്ങളും ക്വാറന്റൈനിൽ പോകേണ്ടി വന്നേക്കാം.