മുംബയ്: ബാങ്കുകളുടെ സി.ഇ.ഒ, മുഴുവൻ സമയ ഡയറക്ടർമാർ എന്നിവരുടെ പ്രായപരിധി 70 വരെ ആക്കാൻ റിസർവ് ബാങ്കിന്റെ ശുപാർശ. ഈ പദവി വഹിക്കുന്നവർ പ്രമോട്ടർ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിൽ പരമാവധി സേവനകാലം 10 വർഷമായി നിജപ്പെടുത്തും. പത്തുവർഷത്തിന് ശേഷം ഈ പദവികൾ അവർ പ്രൊഫഷണലുകൾക്കായി ഒഴിഞ്ഞുകൊടുക്കണം. ബാങ്കിംഗ് രംഗത്തെ ഭരണനിർവഹണം കൂടുതൽ ഊർജ്ജസ്വലമാക്കുകയാണ് ലക്ഷ്യം.
അതേസമയം സി.ഇ.ഒ, മുഴുവൻ സമയ ഡയറക്ടർമാർ എന്നിവരുടെ കുറഞ്ഞ പ്രായപരിധി ബാങ്കുകളുടെ ഡയറക്ടർ ബോർഡിന് തീരുമാനിക്കാം. വിവിധ മേഖലകളിൽ നിന്നായി സമാഹരിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് റിസർവ് ബാങ്കിന്റെ ഈ നിർദേശങ്ങളുള്ളത്. ജൂലായ് 15 ആണ് അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള അന്തിമതീയതി.
പ്രമോട്ടർ ഗ്രൂപ്പിനോ ഭൂരിപക്ഷ ഓഹരി ഉടമകൾക്കോ ബാങ്കിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി സ്ഥിരത കൈവരിക്കാനും പ്രൊഫഷണലുകളെ വാർത്തെടുത്ത് മാനേജ്മെന്റ് അധികാരങ്ങൾ അവർക്ക് കൈമാറാനും പത്തുവർഷം പര്യാപ്തമാണെന്ന് റിപ്പോർട്ടിലുണ്ട്. പ്രമോട്ടർ ഗ്രൂപ്പിന്റെയോ ഭൂരിപക്ഷ ഓഹരി ഉടമകളുടെയോ ഭാഗമല്ലാത്തവർക്ക് സി.ഇ.ഒ/മുഴുവൻ സമയ ഡയറക്ടർ പദവിയിൽ പരമാവധി 15 വർഷം പ്രവർത്തിക്കാം. തുടർന്ന് മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന് ആ പദവിയിലേക്ക് തിരിച്ചെത്താനും തടസമില്ല.
ഈ മൂന്നുവർഷ ഇടവേളയിൽ അദ്ദേഹം ബാങ്കിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ചുമതലയും വഹിക്കരുത്. ശുപാർശങ്ങൾ റിസർവ് ബാങ്ക് ഉത്തരവായി പുറത്തിറക്കുന്ന ദിനം മുതൽ, നിലവിൽ 10-15 വർഷം പൂർത്തിയാക്കിയവർക്ക് പിൻഗാമിയെ കണ്ടെത്താൻ രണ്ടുവർഷം വരെ സാവകാശവും ലഭിക്കും.
പദവി ഒഴിയാൻ പ്രമുഖർ
പുതിയ ശുപാർശകൾ എന്നുമുതൽ നടപ്പാക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. ശുപാർശകൾ പ്രാബല്യത്തിൽ വന്നാൽ ഒട്ടേറെ ബാങ്കുകളുടെ സി.ഇ.ഒമാർ മാറേണ്ടിവരും. അതിൽ പ്രമുഖൻ കോട്ടക് മഹീന്ദ്ര ബാങ്ക് മേധാവി ഉദയ് കോട്ടക് ആണ്. അദ്ദേഹം 17 വർഷമായി സി.ഇ.ഒയാണ്. ബന്ധൻ ബാങ്ക്, ആർ.ബി.എൽ ബാങ്ക് തുടങ്ങിയവയുടെ തലപ്പത്തും മാറ്റമുണ്ടായേക്കും.