പുനൈ: ഓൺലൈനിൽ സാധനങ്ങൾ വാങ്ങി കബളിപ്പിക്കപ്പെട്ടവരുടെ കഥകളേറെയുണ്ട്. ഫോൺ ഓർഡർ ചെയ്ത് കാത്തിരുന്നപ്പോൾ കയ്യിലെത്തിയ് കളിപ്പാട്ടം എന്നു തുടങ്ങി കയ്യിലെ കാശുപോയ സംഭവങ്ങളേറെ.
എന്നാൽ ഇ- കൊമേഴ്സ് ഷോപ്പിംഗ് നടത്തി 'കോളടിച്ചയാളുടെ" കഥയാണ് പുനൈ സ്വദേശിയായ ഗൗതം റേഗെ പങ്കുവയ്ക്കുന്നത്.
ആമസോണിലൂടെ 300 രൂപയുടെ സ്കിൻ ലോഷൻ ഓർഡർ ചെയ്ത ഗൗതമിന് ലഭിച്ചത് 19,000 രൂപയുടെ ഹെഡ്ഫോണാണ്. അതും തിരിച്ചുകൊടുക്കാൻ പറ്റാത്തത്. അപ്രതീക്ഷിത 'സമ്മാന"ത്തിൽ അമ്പരന്നിരിക്കുകയാണ് ഗൗതം റെഗെ.
അലക്കാനുള്ള വാഷിംഗ് ലിക്വിഡിനൊപ്പമാണ് ബോസ് കമ്പനിയുടെ 19,000 രൂപയുടെ ഇയർബഡ്സ് ഗൗതമിനെ തേടി എത്തിയത്. പിന്നാലെ ഗൗതം ആമസോൺ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടുവെങ്കിലും പ്രൊഡക്ട് തിരിച്ചെടുക്കാൻ സാധിക്കില്ലെന്നായിരുന്നു മറുപടി. ഇക്കാര്യം ഗൗതം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഹെഡ്ഫോണിന്റെ ചിത്രം സഹിതമാണ് ഗൗതത്തിന്റെ ട്വീറ്റ്. മാത്രമല്ല ലോഷന്റെ പണം കമ്പനി തിരികെ നൽകിയതായും അദ്ദേഹം പറയുന്നു. ട്വീറ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.