
ബർദാമൻ: പശ്ചിമബംഗാളിലെ സ്കൂളിൽ കുട്ടികൾക്ക് 'U' for Ugly (വൈരൂപ്യം) എന്ന് വിശദീകരിക്കാൻ കറുത്ത നിറമുള്ളയാളുടെ മുഖചിത്രം ഉപയോഗിച്ച അദ്ധ്യാപികമാർക്ക് സസ്‌പെൻഷൻ. ഈസ്റ്റ് ബർദാമൻ ജില്ലയിലെ മുനിസിപ്പൽ ഗേൾസ് ഹൈ സ്കൂളിലെ അദ്ധ്യാപികമാരാണ് ഒരു ഇംഗ്ലീഷ് അക്ഷരമാലാ പുസ്തകത്തിലെ അധിക്ഷേപകരമായ ഭാഗം ഉപയോഗിച്ച് വിദ്യാർത്ഥികളെ പഠിപ്പിച്ചത്.
'വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുസ്തകമല്ല ഇവർ കുട്ടികളെ പഠിപ്പിക്കാനുപയോഗിച്ചത്. സ്കൂൾ തന്നെ സംഘടിപ്പിച്ച പുസ്തകമാണ് ഉപയോഗിച്ചത്. കുട്ടികളുടെ മനസിൽ അനാവശ്യമായ മുൻവിധികൾ സൃഷ്ടിക്കുന്ന ഇത്തരം നടപടികൾ അദ്ധ്യാപകരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്നും അതിനോട് തങ്ങൾ ഒരുതരത്തിലും സഹിഷ്ണുത പുലർത്തില്ലെന്നും' വിദ്യാഭ്യാസ മന്ത്രി പാർത്ഥാ ചാറ്റർജി പറഞ്ഞു.
തദ്ദേശഭരണ സ്ഥാപനം നടത്തുന്ന ഒരു സ്‌കൂളിലാണ് സംഭവമുണ്ടായത്. സംഗതി വിവാദമായതോടെ പ്രാഥമിക അന്വേഷണം നടത്തുകയും രണ്ടുപേരെയും സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. എന്നാൽ ഈ പുസ്തകം അദ്ധ്യാപികമാർ തെരഞ്ഞെടുത്തതാണോ അതോ സ്കൂളിന്റെ മേൽനോട്ടത്തിൽ നൽകിയതാണോ എന്ന് വ്യക്തമായിട്ടില്ല.