remdesivir
REMDESIVIR

മുംബയ്: കൊവിഡ് രോഗത്തിനെതിരെ ഫലപ്രദമാണെന്ന് വാദിക്കപ്പെടുന്ന റെംഡിസിവിർ എന്ന മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ മഹാരാഷ്ട്രയിൽ ആരംഭിച്ചു. അതീവഗുരുതരമാം വിധം കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് ഈ മരുന്ന് പരീക്ഷിക്കാൻ മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടത്. ഈ മരുന്ന് അമേരിക്കയിൽ പരീക്ഷിച്ചപ്പോൾ ചില അനുകൂല ഫലങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

ഫെബ്രുവരിയിൽ തന്നെ ലോകാരോഗ്യ സംഘടന 'റെംഡിസിവിർ' മരുന്ന് കൊവിഡിന് ഫലപ്രദമാകുമെന്ന സൂചന നൽകിയിരുന്നു. ഗുരുതരമായ അവസ്ഥയിലെത്തിയ രോഗികളിൽ മാത്രമാണ് ഈ ടെസ്റ്റുകൾ നേരത്തെ നടത്തിയിരുന്നത്. മഹാരാഷ്ട്രയിൽ ഈ മരുന്നിന്റെ ഉപയോഗം ഏത് രീതിയിലായിരിക്കുമെന്നത് വ്യക്തമല്ല.

18 സർക്കാർ മെഡിക്കൽ കോളജുകളിലും ബി.എം.സിയുടെ നാല് കോളേജുകളിലുമാണ് മരുന്നു പരീക്ഷണം നടക്കുക. ഇതിനുള്ള ഉത്തരവ് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് തലവൻ ഡോ. ടി.പി ലാഹേൻ നൽകി.

അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒഫ് ഹെൽത്ത് നിരവധി മരുന്നുകളുടെ ട്രയൽ നടത്തിവരുന്നുണ്ട്. ഇവയിലൊന്നാണ് 'റെംഡിസിവിർ'. ഗിലീഡ് സയൻസസ് ആണ് ഈ മരുന്ന് നിർമിച്ചിരിക്കുന്നത്. എബോള രോഗത്തിനായി നിർമിച്ച ഈ മരുന്ന് പക്ഷെ, ആ രോഗത്തിന് അത്രകണ്ട് ഫലപ്രദമായിരുന്നില്ല. എന്നാൽ ഈ മരുന്ന് മനുഷ്യരിൽ കൊറോണ വൈറസിനെതിരെ ഉപയോഗപ്രദമാകുമെന്ന് തെളിയിക്കപ്പെട്ടു. കൊറോണയ്ക്ക് സമാനമായ ഇതര വൈറസുകളെ പ്രതിരോധിക്കാനും ഈ മരുന്നിനാകുമെന്നാണ് കണ്ടെത്തൽ.