കോഴിക്കോട്: 'എന്റെ സഖാവേ' എന്ന അടിക്കുറിപ്പോടെ കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ വിധവ കെ.കെ.രമയ്ക്ക് അസഭ്യവർഷം. ആർ.എം.പി നേതാവ് കൂടിയായ രമയുടെ പോസ്റ്റിനു കീഴിൽ അങ്ങേയറ്റം മോശവും സ്ത്രീവിരുദ്ധവുമായ കമന്റുകളാണ് കാണുന്നത്.
ഇവരിൽ കൂടുതൽ പേരും സി.പി.എം ആഭിമുഖ്യം പുലർത്തുന്നവരും ചിലർ സംഘ്പരിവാർ നിലപാടുകൾ ഉള്ളവരുമാണെന്ന് പ്രൊഫൈലുകളിൽ നിന്നും വ്യക്തമാണ്. എന്നാൽ രമയ്ക്ക് പിന്തുണയുമായി എത്തുന്നവരും നിരവധിയാണ്.
അതേസമയം, ഇന്നലെ മരിച്ച ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പി.കെ.കുഞ്ഞനന്തന്റെ സംസ്‌കാരം കണ്ണൂര്‍ പാനൂര്‍ പാറാട്ടെ വീട്ടുവളപ്പില്‍ നടത്തി.
തിരുവനന്തപുരത്തുനിന്ന് പാനൂരില്‍ എത്തിച്ച മൃതദേഹം സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി ഓഫിസായ രാജു സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. കുഞ്ഞനന്തന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ഉച്ചക്ക് ഒരു മണി വരെ അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന കുന്നോത്ത്പറമ്പ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.