ചെന്നൈ: ചെന്നൈയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 97കാരൻ രോഗമുക്തനായതായി റിപ്പോർട്ട്. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൃഷ്ണമൂർത്തിയാണ് രോഗവിമുക്തനായത്. ഇന്ത്യയിൽ കൊവിഡ് ബാധിച്ച് രോഗമുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ രോഗികളിൽ ഒരാളാണ് ഇദ്ദേഹമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
കഴിഞ്ഞ മാസമാണ് പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങളോടെ കൃഷ്ണമൂർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയും ഇദ്ദേഹത്തിനുണ്ടായിരുന്നു.
ചികിത്സ ആരംഭിച്ച് അധികം വൈകാതെ തന്നെ പനി കുറയുകയും ശ്വാസതടസം മാറുകയും ചെയ്തു. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനകളുടെ ഫലം നെഗറ്റീവ് ആയതോടെയാണ് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.
രാജ്യത്ത് ഏറ്റവും പ്രായം കൂടിയ കൊവിഡ് മുക്തൻ 106കാരനായ മുക്താർ അഹമ്മദാണ്.
സ്‌പെയിൻ സ്വദേശിയായ മരിയ ബ്രന്യാസ് എന്ന 113കാരിയാണ് കൊവിഡ് മുക്തയായ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി.