ഹൈദരാബാദ്: തെലങ്കാനയിൽ ജനക്കൂട്ടം നോക്കി നിൽക്കെ, ആസ്തമരോഗി ശ്വാസം കിട്ടാതെ പിടഞ്ഞ് ചികിത്സ ലഭിക്കാതെ വഴിയിൽ കിടന്ന് മരിച്ചു. ഹൈദരാബാദിലെ മേധക്കിലാണ് സംഭവം. 52കാരനായ ആർ.ശ്രീനിവാസ റാവുവാണ് ദാരുണമായി മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇദ്ദേഹം കൊവിഡ് ബാധിതനാണെന്ന് സംശയിച്ച് ആംബുലൻസ് ഡ്രൈവറോ മറ്റുള്ളവരോ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇദ്ദേഹം മാസ്കോ കൈയുറകളോ ധരിക്കാത്തതിനാൽ ഭയംകാരണമാണ് ആംബുലൻസിൽ കയറ്റാതിരുന്നതെന്നാണ് ഡ്രൈവർ പറയുന്നത്.
കാമറെഡിയിൽനിന്ന് സെക്കന്ദരാബാദിലേക്ക് ബസിൽ യാത്രചെയ്യവെയാണ് ശ്രീനിവാസ റാവുവിന് സുഖമില്ലാതെ വന്നത്. ചെഗുന്തയിലെത്തിയപ്പോൾ ഡ്രൈവറോട് പറഞ്ഞ് ബസ് നിറുത്തി അവിടെയിറങ്ങി. അവിടെയുണ്ടായിരുന്ന ആളുകളും പൊലീസും ചേർന്ന് ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും, ആംബുലൻസ് ഡ്രൈവർ റാവുവിനെ ആശുപത്രിയിലെത്തിക്കാൻ വിസമ്മതിച്ചു. റാവുവിന്റെ മൃതദേഹം ഹൈദരാബാദിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറി. തെലങ്കാനയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം വലിയ വർദ്ധനവാണുള്ളത്.