ചിങ്ങവനം: കുടുംബകലഹത്തെ തുടർന്ന് ക്വാർട്ടേഴ്‌സിലെ സാധനങ്ങൾക്ക് പൊലീസുകാരൻ തീയിട്ടു. കാലായിപ്പടി പൊലീസ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കോട്ടയം പൊലീസ് കൺട്രോൾ റൂമിലെ ചെറുകര സ്വദേശി അജിത്ത് ആണ് ഇന്നലെ വൈകിട്ട് ആറോടെ ക്വാർട്ടേഴ്‌സിലെ ബുക്കിനും തുണികൾക്കും തീയിട്ടത്. വ്യാഴാഴ്ച രാത്രി മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്ന് മറ്റ് പൊലീസുകാർ ഇടപെട്ട് ഇയാളുടെ ഭാര്യയെയും മക്കളെയും വീട്ടിലേയ്ക്ക് അയച്ചിരുന്നു. ക്വാർട്ടേഴ്‌സിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് അടുത്ത ക്വാർട്ടേഴ്‌സിൽ താമസിക്കുന്നവർ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും തീയണച്ചിരുന്നു.

മൂന്നു മാസം മുൻപാണ് അജിത്ത് സസ്‌പെൻഷൻ കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചത്. മുമ്പ് നിരവധി തവണ ശിക്ഷാ നടപടികൾക്ക് വിധേയനായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ചിങ്ങവനം ഇൻസ്പെക്ടർ ബിൻസ് ജോസഫ് ജില്ലാ പൊലീസ് മേധാവിക്ക് ഇന്ന് റിപ്പോർട്ട് നൽകും.