തന്നെ പണ്ട് കാലു എന്ന് വിളിച്ചതിൽ ഇന്ത്യൻ താരം നേരിട്ട് വിളിച്ച് സംസാരിച്ചതായും ഇനി വിവാദം വേണ്ടെന്നും ഡാരെൻ സമി
അങ്ങനെയങ്ങ് വിട്ടുകളയാൻ പറ്റുമോ എന്ന് ഇന്ത്യൻ സിനിമാതാരം സ്വര ഭാസ്കർ
മുംബയ് : സമി അയഞ്ഞു, പക്ഷേ സ്വര മുറുകുന്നു... ക്രിക്കറ്റ് ലോകത്ത് വെസ്റ്റ് ഇൻഡീസ് താരം ഡാരെൻ സമി ഉയർത്തിവിട്ട വംശീയാധിക്ഷേപ വിവാദം ബോളിവുഡ് താരം സ്വര ഭാസ്കർ ഏറ്റുപിടിച്ചതോടെ വീണ്ടും കത്തിക്കയറുകയാണ്.
അമേരിക്കയിലെ ജോർജ് ഫ്ളോയ്ഡ് വിവാദം കത്തിക്കാളുന്നതിനിടെയാണ് 2013 സീസണിൽ ഐപിഎല്ലിൽ കളിക്കുന്ന സമയത്ത് സഹതാരങ്ങളിൽ ചിലർ തന്നെ ‘കാലു’ എന്ന് വിളിച്ചിരുന്നുവെന്ന് സമി വെളിപ്പെടുത്തിത്. സ്നേഹത്തോടെ കരുത്തനെന്ന അർത്ഥത്തിലാണ് അങ്ങനെ വിളിച്ചിരുന്നതെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് കറുത്തവനെന്നായിരുന്നു അർത്ഥമെന്ന് മനസിലാക്കി എന്നായിരുന്നു സമിയുടെ വെളിപ്പെടുത്തൽ. അന്ന് അങ്ങനെ വിളിച്ചവർ മാപ്പുപറയണമെന്നും സമി ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ സമിയെ കാലുവെന്ന് വിശേഷിപ്പിക്കുന്ന ഇശാന്ത് ശർമ്മയുടെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ ചിലർ കുത്തിപ്പൊക്കിയിരുന്നു. അതിനൊപ്പം സമി തന്നെ കാലു എന്ന വിശേഷണം വി.വി.എസ് ലക്ഷ്മണുമായി തമാശയ്ക്ക് പങ്കുവച്ചതും പുറത്തുവന്നു. എന്നാൽ കഴിഞ്ഞ ദിവസം തന്നെ കാലുവെന്ന് വിളിച്ചിരുന്ന ഒരു താരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സ്നേഹത്തിന്റെ പുറത്താണ് അങ്ങനെ വിളിച്ചിരുന്നതെന്ന് പറഞ്ഞതായും സമി വെളിപ്പെടുത്തി. എന്നാൽ താരത്തിന്റെ പേരുവെളിപ്പെടുത്തിയില്ല. ഇനിയാരും കാലു വിളിയുടെ പേരിൽ മാപ്പുപറയേണ്ടതില്ലെന്നും സമി അറിയിച്ചിരുന്നു.
ഇതോടെയാണ് സ്വര ഭാസ്കർ രംഗത്തെത്തിയത്. ഒരാൾ അസഭ്യം പറഞ്ഞിട്ട് പിന്നീട് അത് സ്നേഹത്തോടെ പറഞ്ഞതാണെന്ന് പറഞ്ഞാൽ ശരിയാകുമോ എന്നാണ് ട്വിറ്ററിലൂടെ സ്വര ചോദിച്ചത്.തുടർന്ന് സ്വരയെ ശാന്തമാക്കാൻ സമി ശ്രമിച്ചെങ്കിലും അവർ നിലപാടിൽ നിന്ന് മാറാൻ തയ്യാറായിട്ടില്ല.
ട്വിറ്ററിലെ 'കാലു ' പോര്
‘പ്രിയ ഡാരെൻ സമി, ആരെങ്കിലുമൊരാൾ ഒരു കറുത്ത വർഗക്കാരനെ മോശം വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചിട്ട് അത് സ്നേഹം കൊണ്ട് വിളിച്ചതാണെന്ന് പറഞ്ഞാൽ താങ്കൾ എന്തുപറയും? കാലു എന്ന വാക്കുമായി ബന്ധപ്പെട്ടും ഇതേ അവസ്ഥ തന്നെയാണുള്ളത്. ഇനി സൺറൈസേഴ്സ് താരങ്ങളോട് – കുറച്ചെങ്കിലും മാന്യതയും നട്ടെല്ലും കാട്ടുക. ഡാരെൻ സമിയോട് ഔദ്യോഗികമായി മാപ്പു പറയുക’ –
സ്വര ഭാസ്കർ
ദയവു ചെയ്ത് ഞാൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുത്. ഇതുവരെ സംഭവിച്ചത് മേലിൽ ആവർത്തിക്കാതിരിക്കാൻ എല്ലാവരെയും ബോധവൽക്കരിക്കാൻ ഈ അവസരം വിനിയോഗിക്കാം എന്നാണ് ഞാൻ പറയുന്നത്. ഒരു കാര്യം തെറ്റായിപ്പോയെന്ന് ഒരാൾക്ക് തോന്നിയാൽ മാത്രമേ മാപ്പു പറയേണ്ടതുള്ളൂ. ഞാൻ വളരെ ആത്മവിശ്വാസമുള്ള, കറുത്ത വർഗക്കാരനായതിൽ അഭിമാനിക്കുന്ന ആളാണ്. അത് ഒരിക്കലും മാറാനും പോകുന്നില്ല
– സമി
താങ്കൾ പറഞ്ഞത് പൂർണമായും അംഗീകരിക്കുന്നു. അത് താങ്കളുടെ മാന്യത. എങ്കിലും താങ്കളുടെ സഹതാരങ്ങൾ മോശം അർഥത്തിലല്ല ആ വാക്ക് ഉപയോഗിച്ചതെങ്കിൽപ്പോലും അതിന്റെ ഉത്തരവാദിത്തമേറ്റേ മതിയാകൂ. കാരണം, വംശീയാധിക്ഷേപമെന്ന തെറ്റിന്റെ ഭാഗമാണ് അവർ. താങ്കൾ പറയുന്നതുപോലെ ബോധവൽക്കണവും തെറ്റ് മനസ്സിലാക്കലുമാണ് പ്രധാനം
– സ്വര