covid-

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നതിന് ഒരുമാസം മുൻപ് തന്നെ കൊവിഡ് അപകടകാരിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ . ജനുവരി 30നാണ് കേരളത്തിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനും ഒരുമാസം മുൻപ് തന്നെ മോദി കൊവിഡ് ലോകത്ത് പടർന്നുപിടിക്കുമെന്നും അപകടമാണെന്നും വ്യക്തമാക്കിയതായും അദ്ദേഹം പറയുന്നു. വെർച്വൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് ഏകദേശം ഒരു മാസം മുൻപ് തന്നെ എല്ലാ കാബിനറ്റ് യോഗത്തിലും കൊവിഡ് അപകടകാരിയാണെന്നും അത് ലോകം മുഴുവൻ പടർന്നേക്കാമെന്നും ഞങ്ങളോട് അദ്ദേഹം പറയുമായിരുന്നു. മുന്നൊരുക്കങ്ങൾ നടത്താനും വൈറസ് ബാധയെ തടയാനുള്ള നടപടികളെടുക്കാനും നിർദ്ദേശിച്ചിരുന്നു. ജനങ്ങളെ സ്‌നേഹിക്കുന്ന ഒരു നേതാവിന്റെ ഗുണങ്ങളാണിതെന്നും ജാവദേക്കർ പറഞ്ഞു.

അതേസമയം ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. വ്യാഴാഴ്ച വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ ആകെ 2,97,535 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇന്ന് പുതുതായി കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുകയായിരുന്നു. ഇന്ന് മഹാരാഷ്ട്രയിൽ മാത്രം പുതുതായി 3,493 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 101,141 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.