ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. രോഗ ബാധിതരുടെ എണ്ണം 77 ലക്ഷം പിന്നിട്ടു. മരണസംഖ്യ 4. 25ലക്ഷം കടന്നു. ലോകത്ത് ഇന്നലെ മാത്രം ഒരു ലക്ഷത്തിൽ കൂടുതലാളുകൾക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരും മരണങ്ങളും റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്.
ഇരുപത് ലക്ഷത്തിൽ കൂടുതലാളുകൾക്കാണ് യു.എസിൽ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,14,643 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 26,000ത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. എഴുന്നൂറിൽ കൂടുതലാളുകളാണ് കഴിഞ്ഞ ദിവസം മരിച്ചത്.ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. എട്ട് ലക്ഷത്തിൽ കൂടുതലാളുകൾക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,000ത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
അഞ്ച് ലക്ഷത്തിൽ കൂടുതൽ രോഗികളുള്ള റഷ്യയാണ് ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനത്തുള്ള ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. മരണം 9000 അടുക്കുന്നു. കഴിഞ്ഞ പത്ത് ദിവസം മാത്രം ഒരുലക്ഷം പുതിയ രോഗികളുണ്ടായി. മഹാരാഷ്ട്ര,തമിഴ്നാട്,ഡൽഹി,ഗുജറാത്ത് സംസ്ഥാനങ്ങളിൽ സ്ഥിതി അതിരൂക്ഷമാണ്..