കേരളത്തിൽ പാമ്പ് പിടുത്തത്തിൽ അഗ്രകണ്യനാണ് വാവ സുരേഷ്. പല ഇനത്തിലും വലിപ്പത്തിലുമുള്ള പാമ്പുകളെ വാവ സുരേഷ് പിടിക്കുകയും കാട്ടിൽ കൊണ്ട് പോയി വിടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അമേരിക്കയിലെ ഒരു പാമ്പ് പിടുത്തക്കാരന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. ചെറിയ പാമ്പൊന്നുമല്ല, 17 അടി നീളമുള്ള പെരുമ്പാമ്പിനെയാണ് മൈക്ക് കിമ്മൽ എന്ന ഫ്ളോറിഡക്കാരൻ തന്റെ വരുതിയിലാക്കിയത്. ഭീമൻ പാമ്പിനെ പിടിക്കുക മാത്രമല്ല അതോടോപ്പുള്ള ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റും ചെയ്തിട്ടുണ്ട്.. കൂടെയൊരു കുറിപ്പും.
ഈ ആഴ്ചയുടെ തുടക്കത്തിലാണ് ചതുപ്പുള്ള ഭാഗത്തേക്ക് യാത്ര പുറപ്പെട്ടത്".. രാവിലെ 11 ന് തന്നെ ഒരു 'തികഞ്ഞ രാക്ഷസൻ' എന്ന് വിളിക്കാവുന്ന ഈ പെരുമ്പാമ്പിനെ കണ്ടെത്തി. "ഒരു യുദ്ധത്തിന് ശേഷമല്ലാതെ ഇവൾ കൂടെപോരില്ല എന്ന് എനിക്കുറപ്പായി. അവൾ തീർച്ചയായും എന്നെ ഭയപ്പെടുന്നില്ല, സസ്യജാലങ്ങളുടെ ഇടയിലൂടെ സാവധാനം അവൾ സഞ്ചരിക്കാൻ തുടങ്ങി, ശ്രദ്ധാപൂർവ്വം അവളുടെ അരികിലൂടെ നടക്കുമ്പോൾ അവൾ എത്ര വലുതാണെന്ന് ഞാൻ അളക്കാൻ ശ്രമിച്ചു". കിമ്മൽ വിവരിക്കുന്നു.
പ്രാണരക്ഷാര്‍ത്ഥം പെരുമ്പാമ്പ് കിമ്മലിനെ ആക്രമിച്ചു. "60 കിലോയെങ്കിലും ഭാരമുള്ള പെരുമ്പാമ്പിന് എന്നെ കീഴ്പ്പെടുത്താൽ എളുപ്പമാണ്. പക്ഷേ ആദ്യം അവളുടെ തലയിൽ പിടിക്കാൻ സാധിച്ചാൽ അവളെ കീഴ്‌പെടുത്താം എന്നെനിക്കുറപ്പായിരുന്നു. പക്ഷെ അവളുടെ വാലിലാണ് പിടി വീണത്. അപ്പോൾ തന്നെ എനിക്കുറപ്പായിരുന്നു എന്റെ വിധി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു എന്നുള്ളത്. ഇനി അവളെ എങ്ങനെയും കിഴ്പ്പെടുത്തിയേ പറ്റൂ. മൽപിടുത്തത്തിനിടെ എന്റെ കൈകളിൽ കടിക്കാൻ അവൾക്കായി. അത് വഴി, എനിക്ക് ധാരാളം രക്തം നഷ്ടപ്പെട്ടു. ഒരു ഗ്യാലൻ രക്തം നഷ്ടപ്പെട്ടതിന് ശേഷവും എനിക്ക് അവളെ തളർത്താനും നിയന്ത്രണത്തിലാക്കാനും കഴിഞ്ഞു,” കിമ്മൽ പറയുന്നു. കുറിപ്പിനൊപ്പം പെരുമ്പാമ്പ് കടിച്ചതിന്റെ ഒരു ചെറിയ വിഡിയോയും മൈക്ക് കിമ്മൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.