jk

ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഹിസ്ബുൾ ഭീകരരെ വധിച്ചു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് തിരച്ചിൽ നടത്തിയ സുരക്ഷാ സൈനികർക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന നടത്തിയ തിരിച്ചടിയിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്.

അതിനിടെ ശ്രീനഗർ-ബന്ദിപ്പൂർ ഹൈവേയിൽ സൈനിക വാഹനങ്ങൾ കടന്നുപോകുന്നതിന് മുമ്പ് സ്ഫോടകവസ്തുവിന് സമാനമായ വസ്തു കണ്ടെത്തിയെന്ന് റിപ്പോർട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം 21 ഭീകരരെയും വധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികനും കൊല്ലപ്പെട്ടു. അതിർത്തിയിൽ പൂഞ്ച്, ഷാപൂർ, കിർണി, കസ്ബ സെക്ടറുകളിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായി. സൈന്യം ശക്തമായി തിരിച്ചടിച്ചു.