ന്യൂഡൽഹി: രാജ്യത്ത് കാെവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. മൂന്നുലക്ഷത്തിലേറെ പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. രാജ്യത്ത് ഇതുവരെ 8844പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.ഇരുപത്തിനാലുമണിക്കൂറിനിടെ 386 മരണമാണ് റിപ്പോർട്ട് ചെയ്തത്.രാജ്യത്തെ കൊവിഡ് ബാധിതരിൽ മൂന്നിലാെന്നും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ രോഗികളുടെയെണ്ണം ഒരു ലക്ഷം കടന്നു.
ഡൽഹി,ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണംകുതിച്ചുയരുകയാണ്. തമിഴ്നാട്ടിൽ രോഗബാധിതരുടെയെണ്ണം നാൽപതിനായിരം കടന്നു.ചെന്നൈയിലാണ് രോഗികളിൽ കൂടുതലും.ഇതോടെ കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
24 മണിക്കൂറിനിടെ ഡൽഹിയിൽ 2,137 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബംഗാളിൽ കൊവിഡ് ബാധിതരുടെയെണ്ണം പതിനായിരം കടന്നു. 2.9 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. പതിനഞ്ച് സംസ്ഥാനങ്ങളിൽ ഇന്നലെ നൂറിലധികം പേർക്ക് വൈറസ്ബാധ കണ്ടെത്തി. ആന്ധ്രാപ്രദേശിൽ നാല് മാസം പ്രായമായ കുഞ്ഞ് രോഗമുക്തി നേടിയിട്ടുണ്ട്.
അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ കൂടുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി 16, 17 തീയതികളിൽ ചർച്ചനടത്തും. രാജ്യത്തെ സാഹചര്യം സംബന്ധിച്ചും ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നതിനെക്കുറിച്ചു അദ്ദേഹം മുഖ്യമന്ത്രിമാരുമായി സംസാരിക്കും.