ലോക്ക് ഡൗൺ കാലത്ത് മനുഷ്യർ മാത്രമല്ല പ്രതിസന്ധിയിലായത് മൃഗങ്ങളും കൂടിയാണ്. ഉടമകളില്ലാത്ത കന്നുകാലികൾ ഭക്ഷണമില്ലാതെ അലഞ്ഞു തിരിയുന്ന കാഴ്ചയാണ് ഇന്ത്യയിലെ പല ഗ്രാമങ്ങളിലും കാണാൻ സാധിക്കുന്നത്. വഴിയിലൂടെ അലഞ്ഞുനടന്ന ഒരുകൂട്ടം കന്നുകാലികൾക്ക് കുടുംബത്തോടൊപ്പം ഭക്ഷണം നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ.
യാത്രാമധ്യേ കണ്ട കന്നുകാലികൾക്ക് ഭക്ഷണം നൽകുന്ന വീഡിയോ ധവാൻ തന്നെയാണ് പങ്കുവെച്ചത്. മകന് ജീവിതത്തിന്റെ മൂല്യം പകർന്നു നൽകാനാണ് ഇതിലൂടെ ശ്രമിച്ചതെന്ന് ശിഖർ ധവാൻ വ്യക്തമാക്കി.'അച്ഛനെന്ന നിലയിൽ മകന് ജീവിതത്തിന്റെ ശരിയായ പാഠങ്ങൾ പകർന്നുനൽകേണ്ടത് ആവശ്യമാണ്. വിശന്നു നടക്കുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രധാനമാണ്. അത്തരമൊരു പാഠം മകന് പകർന്നു നൽകാൻ സാധിച്ചതിൽ അഭിമാനമുണ്ട്. നിങ്ങളും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യൂ’- ശിഖർ ധവാൻ കുറിക്കുന്നു.
ഹർഭജൻ സിംഗ്, കുൽദീപ് യാദവ് തുടങ്ങി നിരവധി പേർ ധവാന്റെ പോസ്റ്റിന് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. വിശന്നുനടന്ന മൃഗങ്ങൾക്ക് ഭക്ഷണമെത്തിച്ച ധവാനും കുടുംബത്തിനും സോഷ്യൽമീഡിയ നിറയെ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.