കോട്ടയം: ബേക്കർ ജംഗ്ഷനിലെ കെ.ജി.കെ ഫിനാൻസ് ഉടമ തിരുനക്കര സമൂഹമഠത്തിനു സമീപം തുഷാരഭവനിൽ ദിലീപ് (56) തട്ടിപ്പിന്റെ ബാലപഠം അഭ്യസിച്ചത് പൂട്ടിപ്പോയ കുന്നത്തുകളത്തിൽ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും. ചുരുങ്ങിയ കാലം കൊണ്ട് ഒരു കോടിയിലധികം രൂപ കൈക്കലാക്കിയാണ് ഇയാൾ മുങ്ങിയത്. സ്ഥിര നിക്ഷേപകരുടെ പരാതിയെ തുടർന്ന് ഇന്നലെ ദിലീപിനെ കോട്ടയം വെസ്റ്റ് സി.ഐ എം.ജെ അരുൺ അറസ്റ്റ് ചെയ്തു.
കുന്നത്തുകളത്തിൽ ഫിനാൻസിൽ സ്ഥിര നിക്ഷേപത്തിന് ആളുകളെ സ്വാധീനിച്ചവരിൽ പ്രധാനിയായിരുന്നു ദിലീപ്.കുന്നത്തുകളത്തിൽ ധനകാര്യ സ്ഥാപനം പൂട്ടിയതോടെയാണ് ദിലീപ് സ്വന്തമായി കെ.ജി.കെ ഫിനാൻസ് എന്ന പേരിൽ ധനകാര്യ സ്ഥാപനം ആരംഭിച്ചത്. ഇതിനിടെ കോടികളുടെ നിക്ഷേപമാണ് കെ.ജി.കെ ഫിനാൻസിൽ എത്തിയത്. കുന്നത്തുകളത്തിൽ സ്ഥാപനത്തിൽ പണം നിക്ഷേപിച്ച് നഷ്ടമായവരും കെ.ജി.കെ യിൽ നിക്ഷേപിച്ചിരുന്നു എന്നതാണ് ഏറെ വിചിത്രം. 20 ലക്ഷം രൂപ നഷ്ടപ്പെട്ട തിരുനക്കര സ്വദേശി സുബ്രഹ്മണ്യത്തിന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ ഇവിടെ പണം നിക്ഷേപിച്ചവരുടെ പരാതികളുടെ പ്രവാഹമായി. ഒരു കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഇയാൾ തട്ടിച്ചെടുത്തിട്ടുള്ളതായാണ് അറിയുന്നത്.