polio

ന്യൂഡൽഹി:- കൊവിഡ് രോഗത്തിന് പ്രതിവിധിയായ വാക്‌സിൻ കണ്ടെത്താൻ ലോകമാകെയുള്ള നിരവധി കമ്പനികളും സർവകലാശാലകളും സജീവമായി ഗവേഷണത്തിലാണ്. മനുഷ്യനിൽ പരീക്ഷിക്കാവുന്ന ഘട്ടം വരെ എത്തി നിൽക്കുന്നു പലതിന്റെയും പുരോഗതി. എന്നാൽ മറ്റൊരു വിഭാഗം ഗവേഷകർ നിലവിലുള്ള വാക്‌സിനുകൾക്ക് ഇതിന് കഴിവുണ്ടോ എന്ന പരീക്ഷണത്തിലാണ്. സയൻസ് എന്ന മെഡിക്കൽ വാർത്താപത്രികയിൽ വന്ന ഏറ്റവും പുതിയ പഠന പ്രകാരം പോളിയോ വാക്‌സിന് ഇതിന് സാധിക്കുമെന്ന് ഗവേഷകർ കരുതുന്നു.

ശക്തി കുറച്ച ഇത്തരം വാക്‌സിന് ശരീരത്തിൽ രോഗമുണ്ടാക്കുന്ന അണുക്കളെ സ്വാഭാവികമായി നശിപ്പിക്കുന്ന ഇന്റർഫെറോൺ എന്ന പ്രോട്ടീനെയും മറ്റ് രോഗ പ്രതിരോധത്തിന് സഹായിക്കുന്ന വസ്തുക്കളെയും ഉത്തേജിപ്പിച്ച് രോഗം പരത്തുന്ന അണുവിനെ നശിപ്പിക്കാൻ കഴിയും. പഠനത്തിൽ പറയുന്നു. 'വായിലൂടെ നൽകുന്ന പോളിയോ വാക്‌സിന് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉണർത്താനും താൽക്കാലികമായി കൊവിഡ്-19 രോഗാണുവിൽ നിന്ന് രക്ഷ തരാനും കഴിയുന്നു. വില്ലൻചുമ, ക്ഷയം എന്നിവക്കെതിരെയുള്ള ചില വാക്‌സിനുകൾ കൊവിഡ് അണുബാധക്കെതിരെ നല്ല പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്.' പഠനത്തിൽ പറയുന്നു.

ശക്തികുറച്ച ജീവനുള്ള അണുവാണ് പോളിയോ വാക്സിൻ പോലുള്ളവയിൽ ഉള്ളത്. അത്തരത്തിൽ ഉള്ളവ നമ്മുടെ പ്രതിരോധ ശേഷി ഉയർത്തി രോഗ കാരണമായ വൈറസിനെ ചെറുക്കുന്നു. നിയന്ത്രിത റാൻഡം പരീക്ഷണം വിജയിച്ചാൽ ഇത്തരം വാക്സിനുകൾ കൊവിഡ് രോഗം മൂർച്ഛിച്ചയിടങ്ങളിൽ ഉടനെ നൽകാനാകും. ലോകമാകെ 70 ലക്ഷത്തിലേറെ പേർക്ക് കൊവിഡ് രോഗം ബാധിക്കുകയും നാല് ലക്ഷത്തിലധികം പേർ ഇതുവരെ മരണമടയുകയും ചെയ്തിട്ടുണ്ട്.