മുംബയ്: ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ക്രിക്കറ്റ് താരമായ വസന്ത് റായ്ജി(100) അന്തരിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമെന്ന വിശേഷണത്തിന് ഉടമയായിരുന്നു വസന്ത് റായ്ജി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബയിലെ വാല്‍ക്കേശ്വറിലുള്ള സ്വവസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
ലോക ക്രിക്കറ്റ് ചരിത്രകാരന്‍മാര്‍ക്കിടയിലെ ശ്രദ്ധേയ വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. ദക്ഷിണ മുംബയിലെ ബോംബെ ജിംഖാനയില്‍ ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരം കളിക്കുമ്പോള്‍ 13 വയസായിരുന്നു വസന്ത് റായ്ജിയുടെ പ്രായം. വലംകൈയന്‍ ബാറ്റ്‌സ്മാനായിരുന്ന റായ്ജി 1941-ല്‍ മുംബയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചു. ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 277 റണ്‍സാണ് സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 68. 1941-ല്‍ വിജയ് മര്‍ച്ചന്റ് നയിച്ച മുംബയ് ടീമിലായിരുന്നു അരങ്ങേറ്റം. 1939-ല്‍ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിച്ചു.
ജനുവരിയില്‍ വസന്ത് റായ്ജിക്ക് 100 വയസ് തികഞ്ഞ വേളയില്‍ അദ്ദേഹത്തോടുള്ള ആദര സൂചകമായി സച്ചിന്‍ തെണ്ടുല്‍ക്കറും മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയും വസന്ത് റായ്ജിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. വിക്ടര്‍ ട്രംപര്‍, സി.കെ നായുഡു, എല്‍.പി ജയ് എന്നീ ക്രിക്കറ്റ് താരങ്ങളെ കുറിച്ച് പുസ്തകങ്ങളെഴുതിയ അദ്ദേഹം ജോളി ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. ലാലാ അമര്‍നാഥ്, വിജയ് മര്‍ച്ചന്റ്, സി.കെ നായുഡു, വിജയ് ഹസാരെ തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാമാര്‍ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട താരമാണ്.