ബംഗളൂരു: ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങിയുള്ള പരീക്ഷണത്തിന് ജപ്പാന് ഇന്ത്യയുടെ കൈത്താങ്ങ്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സഹായത്താലാണ് ജപ്പാൻ ദൗത്യം പൂർത്തിയാക്കാൻ ഒരുങ്ങുന്നത്. ലൂണാർ പോളാർ എക്സപ്ലൊറേഷൻ എന്ന പദ്ധതിയിൽ പര്യവേക്ഷണ വാഹനത്തിന്റെ നിർമ്മാണവും സാങ്കേതിക സഹായവും നൽകുവാൻ ഐ.എസ്.ആർ.ഒയുടെ സഹായമാണ് ജപ്പാൻ അഭ്യർത്ഥിച്ചത്.
ജപ്പാൻ 2023ലെ പദ്ധതിയുടെ പൂർണ്ണരൂപം തയ്യാറാക്കി കഴിഞ്ഞു. ഇതിന്റെ ഭാഗമായ ലാന്ററിന്റെ എല്ലാ സാങ്കേതിക കാര്യങ്ങളും നിർവഹിക്കുക ഇസ്‌റോ ആയിരിക്കുമെന്നാണ് ബഹിരാകാശ ഗവേഷണ വിഭാഗം അറിയിച്ചിട്ടുള്ളത്. 2023ന് ശേഷം നടക്കാവുന്ന തരത്തിലാണ് ജപ്പാന്റെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ജാക്സ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഐ.എസ്.ആർ.ഒ 2022ൽ നടപ്പാക്കാനിരിക്കുന്ന ഗഗൻയാൻ പദ്ധതിയിലൂടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. 2017ലാണ് ജപ്പാന്റെ പദ്ധതിയുടെ ആദ്യ റിപ്പോർട്ട് പുറത്തുവിട്ടത്. 2018ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനത്തിൽ ജപ്പാന് ആത്മവിശ്വാസമേകുന്ന സഹായ വാഗ്ദാനം നൽകിയിരുന്നു.