supermarket

കോട്ടയം: സ്വകാര്യ സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങളും, കാഷ്യറുടെ 20,000 രൂപ വിലയുള്ള മൊബൈൽ ഫോണുമായി കടന്ന രണ്ട് യുവതികൾ പിടിയിൽ. വെച്ചൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഷീബ (39), റസിയ (39) എന്നിവരെയാണ് ഏറ്റുമാനൂർ എസ്.ഐ അനൂപ് സി.നായർ അറസ്റ്റ് ചെയ്തത്. സി.സി.ടി.വി യിൽ പതിഞ്ഞ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കുറുപ്പുന്തറയിൽ നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നീണ്ടൂരിലെ സൂപ്പർ മാർക്കറ്റിലായിരുന്നു മോഷണം.

ഷീബയും റസിയയും ചേർന്ന് 1400 രൂപയുടെ സാധനങ്ങൾ വാങ്ങി. തുടർന്ന് റസിയ സമീപത്തെ കടയിൽ നിന്നും പച്ചക്കറി വാങ്ങാൻ പുറത്തേക്ക് പോയി. 2000 രൂപയുടെ നോട്ടാണ് കൈയിലുള്ളതെന്നും പച്ചക്കറി വാങ്ങാൻ 600 രൂപ തരണമെന്നും ബിൽ അടയ്ക്കുമ്പോൾ ഈ തുക നൽകാമെന്നും പറഞ്ഞാണ് ജീവനക്കാരന്റെ കയ്യിൽ നിന്നും പണം കൈപ്പറ്റിയത്. താമസിയാതെ വാങ്ങിയ സാധനങ്ങളുമായി ഷീബ പുറത്തിറങ്ങി രക്ഷപെടുകയായിരുന്നു.

ഏറെനേരം കഴിഞ്ഞാണ് കാഷ്യർ മൊബൈൽ ഫോൺ നോക്കുന്നത്. ഫോൺ നഷ്ടപ്പെട്ടുവെന്ന് മനസിലായതോടെയാണ് സി.സി.ടി.വി പരിശോധിച്ചത്. അപ്പോഴാണ് മോഷ്ടിച്ച സാധനങ്ങളുമായി ഒരു സ്ത്രീ പുറത്തിറങ്ങിപ്പോവുന്നത് കണ്ടത്. തുടർന്നാണ് അറസ്റ്റ്.

സമാനമായ രീതിയിൽ ഇവർ നേരത്തെയും മോഷണം നടത്തിയിട്ടുണ്ടെന്ന് അറിവായിട്ടുണ്ട്. സൂപ്പർ മാർക്കറ്റുകളാണ് ഇവരുടെ വിഹാരകേന്ദ്രം.