
തിരുവനന്തപുരം: വനങ്ങൾ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും, കുറ്റവാളികൾക്കെതിരായ നടപടികൾ ശക്തമാക്കുന്നതിനുമായി ക്രൈംബ്രാഞ്ചിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് വൈൽഡ് ലൈഫ് ക്രൈം വിംഗ് രൂപീകരിക്കും. വനംവകുപ്പിന്റെ സഹായത്തോടെയാണ് കേരള പൊലീസിന്റെ പുതിയ കുറ്റാന്വേഷണ വിഭാഗം രൂപപ്പെടുത്തുന്നത്. കള്ളപ്പണം കടത്താൻ ഹവാല, കള്ളനോട്ട് മാഫിയകൾ, വന്യജീവികളെ ഉപയോഗിക്കുന്നതായുള്ള വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോയുടെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. ഇതിനായി വൈൽഡ് ലൈഫ് നിയമപ്രകാരം പ്രത്യേക വിജ്ഞാപനം ഇറക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
വന്യജീവികളെ കടത്തുന്നതും, ആനവേട്ട തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും പുറമേയാണ് തീവ്രവാദ സംഘടനകൾ പണം കൈമാറ്റത്തിനടക്കം മിണ്ടാപ്രാണികളെ ഉപയോഗിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയാണ് സംസ്ഥാന പൊലീസും വനംവകുപ്പും ചേർന്ന് പദ്ധതി തയ്യാറാക്കാൻ നിർദേശിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന വനംവകുപ്പ്–- പൊലീസ് ഉന്നത യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്‌തു.
വൈൽഡ് ലൈഫ് ഡാറ്റാ ബാങ്കും തയ്യാറാക്കും. വനവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘടിതമായ എല്ലാ കുറ്റകൃത്യങ്ങളും ഈ വിഭാഗം അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനാകും ചുമതല. സംഘത്തിൽ ഒരു എസ്.പി, രണ്ട് ഡിവൈ.എസ്.പി, നാല് ഇൻസ്‌പെക്ടർമാർ, രണ്ട് എസ്.ഐ, രണ്ട് എ.എസ്.ഐ, ഏഴ് ഡ്രൈവർ എന്നിവരുമുണ്ടാകും.
ഇവരെ സഹായിക്കാൻ വനം വകുപ്പിൽ നിന്ന് ഒരു അസിസ്റ്റന്റ് വനം കൺസർവേറ്റർ, ഒരു റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ, ഒരു സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവരെ ഡെപ്യൂട്ടേഷനിലും നിയമിക്കും. കേരളത്തിലെ വനമേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന മൃഗങ്ങളെ വേട്ടയാടൽ , മരംമുറി, കഞ്ചാവ് കൃഷി, മാവോയിസ്റ്ര് പ്രവർത്തനങ്ങൾ തുടങ്ങിയവ പ്രതിരോധിക്കാൻ എക്സൈസ്, തണ്ടർബോൾട്ട് തുടങ്ങിയ സേനകൾക്കാവശ്യമായ സഹായവും വൈൽഡ് ലൈഫ് ക്രൈംവിംഗിൽ നിന്ന് ലഭ്യമാകും..