grace

ഹാപ്പി വെഡ്ഡിഗിലൂടെയെത്തി, കുമ്പളങ്ങി നൈറ്റ്സ് ഉള്‍പ്പെടെ നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി ഗ്രേസ് ആന്‍റണി സംവിധായികയാകുന്നു. ആദ്യമായി ഒരു ഹ്രസ്വചിത്രമാണ് താരം സംവിധാനം ചെയ്യുന്നത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ താൻ ആദ്യമായി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നടി പുറത്തുവിട്ടിരിക്കുകയാണ്. 'ക്nowledge' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

കുട്ടികളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെന്നാണ് ഫസ്റ്റ് ലുക്ക് തരുന്ന സൂചന. ഏതാനും സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ്. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി സ്വദേശിനിയായ നടി കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ഭാരതനാട്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഓഡിഷനിലൂടെയാണ് ഹാപ്പി വെഡ്ഡിങ്ങില്‍ എത്തിയത്. 'നടിയാവുകയെന്നത് എനിക്കൊരു അനുഗ്രഹമായിരുന്നു. ഇനി സംവിധായികയായി ചെറിയൊരു ശ്രമം. എന്‍റെ ആദ്യ സംവിധാന സംരംഭമായ ക്nowledgeന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുകയാണ്. ചെറിയൊരു ചിത്രമാണ്. നിങ്ങളുടെ പിന്തുണവേണം, ഇതുവരെ തന്നതുപോലെ'- താരം ഫേസ്ബുക്കിൽ കുറിച്ചു.

ഗ്രേസ് ആന്‍റണി, നിരഞ്ജന അനൂപ്, അനഹിര മരിയ, അഹിന ആൻഡ്രൂസ് തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്. എബി ടോം സിറയക്കും, ഗ്രേസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗ്രേസ് തന്നെയാണ്. കുമ്പളങ്ങിക്ക് ശേഷം വിനയ് ഫോര്‍ട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രത്തിൽ സഫിയ എന്ന കഥാപാത്രമായും ഗ്രേസ് തിളങ്ങിയിരുന്നു. അജു വര്‍ഗ്ഗീസ് നായകനാകുന്ന സാജൻ ബേക്കറി സിൻസ് 1962, ഇന്ദ്രജിത്ത് നായകനാകുന്ന ഹലാൽ ലവ് സ്റ്റോറി എന്നീ സിനിമകളിലാണ് ഗ്രേസ് ഈ വര്‍ഷം അഭിനയിക്കുന്നത്.