naravane

ന്യൂഡൽഹി:- ചൈനയുമായി നടത്തുന്ന ചർച്ചകൾ ഫലപ്രദമാണെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ. തുടർന്ന് തുല്യ റാങ്കുള്ള ഇന്ത്യ-ചൈന സേനാ ഉദ്യോഗസ്ഥർ തമ്മിലും നടത്തുന്ന ചർച്ചകൾ ഫലം കാണുന്നുണ്ടെന്നും അതിർത്തിയിലെ പ്രശ്നങ്ങൾ ഇതോടെ നിയന്ത്രണ വിധേയമാണെന്നും കരസേന മേധാവി പ്രതീക്ഷയർപ്പിക്കുന്നു.

'നിരന്തരമായ ചർച്ചകളിലൂടെ ഇന്ത്യയും ചൈനയുമായുള്ള വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കപ്പെടും പ്രശ്നങ്ങൾക്ക് വിരാമമാകും; എല്ലാം നിയന്ത്രണ വിധേയമാകും.' കരസേനാ മേധാവി അറിയിച്ചു. ജമ്മു കാശ്‌മീരിൽ എല്ലാവിധ സുരക്ഷാ സേനകളുടെയും കൂട്ടായ പ്രയത്നത്തിലൂടെ കഴിഞ്ഞ പതിനഞ്ച് ദിവസങ്ങൾക്കിടയിൽ പതിനഞ്ചോളം ഭീകരവാദികളെ വധിക്കാനായി. 'പൊതുജനങ്ങളാണ് തീവ്രവാദികളെ കുറിച്ചുള്ള കൃത്യമായ വിവരം നമുക്ക് നൽകുന്നത്. അതിർത്തി കടന്നുള്ള തീവ്രവാദം മടുത്ത അവർ സാധാരണ ജീവിതം ആഗ്രഹിക്കുകയാണ്.' നരവാനെ കൂട്ടിച്ചേർത്തു.

കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സേനാംഗങ്ങൾ തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളുടെയും കരസേനകളിലെ മേജർ ജനറൽമാർ തമ്മിൽ നടന്ന ചർച്ചയുടെ പിറ്റേന്നാണ് നരവനെയുടെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. വെള്ളിയാഴ്ച നടന്ന അഞ്ചാം ഘട്ട ചർച്ച അഞ്ച് മണിക്കൂറോളം നീണ്ടുനിന്നു.

അതേസമയം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിളിച്ചു കൂട്ടിയ ഉന്നത തല യോഗത്തിൽ ചൈനയുമായി അതിർത്തി പങ്കിടുന്ന സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന സേന സജ്ജമാണോ എന്ന് വിലയിരുത്തലുണ്ടായി. കരസേനാ മേധാവി കാര്യങ്ങൾ സംക്ഷിപ്തമായി പ്രതിരോധമന്ത്രിയോട് ധരിപ്പിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, നാവികസേന ചീഫ് അഡ്മിറൽ കരംബീർ സിംഗ്, എയർചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ലഡാക്കിലെ സ്ഥിതിഗതികളെ കുറിച്ച് വിശദമായ വിവരം നരവനെ യോഗത്തിൽ നൽകി.

ഇന്ത്യ ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ഇപ്പോഴും ഇരു രാജ്യങ്ങളുടെയും സേനാ വിഭാഗങ്ങൾ ചർച്ചകൾ തുടരുകയാണ്.