അമേരിക്കയിലെ 'മിനിയപോളിസ്' നഗരമധ്യത്തിൽ വച്ച് ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്ത വർഗ്ഗക്കാരനെ വെള്ളക്കാരനായ പോലീസുകാരൻ കാൽമുട്ടു കയറ്റി കഴുത്തു ഞെരിച്ചു കൊന്നു. "എനിക്ക് ശ്വാസം മുട്ടുന്നുവെന്ന്" അയാൾ പല തവണ നിലവിളിച്ചു. ഒടുവിൽ ഫ്ലോയിഡ് തന്റെ അമ്മയെ വിളിച്ച് കരഞ്ഞു. ഒന്നും നടന്നില്ല.
പുകയുന്ന ഒരഗ്നി പർവ്വതത്തിന് മുകളിലാണ് ഇന്ന് അമേരിക്ക. മഹാമാരി അമേരിക്കയുടെ സമ്പത്ത്ഘടനയുടെ നട്ടെല്ലു തകർക്കുകയും പതിനായിരക്കണക്കിന് മനുഷ്യർ മരിക്കുകയും ചെയ്തു.. വെള്ളക്കാരായ അമേരിക്കൻപോലീസിന്റെ ചരിത്രം എന്നും കറുത്ത വർഗ്ഗക്കാരെ കൊന്നൊടുക്കുക എന്നത് മാത്രമാണ്. അമേരിക്കൻ ഭരണകൂടം സ്വീകരിച്ചുവരുന്ന ഒരു നയമാണ് കറുത്തവർഗ്ഗക്കാരെ വീണ്ടും അടിമകളാക്കുക എന്നത്. അവർ പിൻതുടരുന്ന വർണ്ണ വിവേചനത്തിന്റെ മുഖമാണ് ഫ്ലോയിഡിന്റെ കൊലപാതകത്തോടെ പ്രകടമാകുന്നത്. അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ കാലത്ത് ഏകദേശം നാലു വർഷക്കാലം തെക്കനമേരിക്കയും വടക്കനമേരിക്കയും തമ്മിൽ നടന്ന വംശീയ കലാപം അമേരിക്കയുടെ ചരിത്രത്തിലെ രക്തരൂക്ഷിതമായ ആഭ്യന്തര കലാപമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1865 ഡിസംബറിൽ ഭരണഘടനയുടെ 13-ാം ഭേദഗതിയിലൂടെ അമേരിക്കയിൽ അടിമത്തം അവസാനിപ്പിച്ചു.
അമേരിക്ക ബ്രിട്ടീഷ് കോളനിയായിരുന്ന കാലം മുതൽ കറുത്ത വർഗ്ഗക്കാരെ വേട്ടയാടാൻ ആരംഭിച്ചിരുന്നു കൊളോണിയൽ കാലം മുതൽ നഗ്നമായ വംശീയകലാപം നിലനിൽക്കുകയാണ്. പ്രസ്തുത കലാപത്തിന്റെ ഏറ്റവും ഒടുവിലത്തെ രണ്ട് രക്ത സാക്ഷികളാണ് ജോർജ്ജ് ഫ്ലോയിഡും റെയ്ഷാർക്ക് ബ്രൂക്കും .
2008-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒബാമ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾഅമേരിക്കയിലെ കറുത്തവർഗ്ഗക്കാർക്ക് വല്ലാത്ത പ്രതീക്ഷയായിരുന്നു.
അമേരിക്കയുടെ സാമൂഹ്യ ജീവിതത്തിൽ എല്ലാ കാലത്തും കറുത്ത വർഗ്ഗം നിന്ദിതരും പീഡിതരുമായിരുന്നു. ലോകത്താകെയുള്ള കറുത്ത വർഗ്ഗത്തിന്റെ മോചനത്തിന് വേണ്ടി പടപൊരുതി ജീവത്യാഗം ചെയ്ത നിരവധി മഹാന്മാർചരിത്രത്തിൽ ഇടം നേടി. വാഷിംഗ്ടണിലെ ഫോർഡ് തിയേറ്ററിൽ 1865ൽ ഏപ്രിൽ14-ന് നാടകം കണ്ടു കൊണ്ടിരിക്കെ വെടിയേറ്റ് മരണമടഞ്ഞ എബ്രഹാം ലിങ്കൺ, കറുത്ത വർഗ്ഗത്തെ ഇളക്കി മറിച്ച് ഒരുകൊടുങ്കാറ്റു പോലെ ഭരണകൂടത്തെയും വർണ്ണവെറിയന്മാരെയും അമ്പരപ്പിച്ച മാർട്ടിന്‍ ലൂതർ കിംഗ് എന്നിവർ ഇവരിൽ ചിലർ മാത്രം.
സമാനതകളില്ലാത്ത പീഡനങ്ങളാണ് അമേരിക്കയിൽ കറുത്ത വർഗ്ഗക്കാർ അനുഭവിക്കുന്നത്. സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലും വർണ്ണവിവേചനം അഴിഞ്ഞാടുകയാണ്. ഈ വിവേചനത്തിനെതിരെ സാമൂഹ്യ നീതിയ്ക്കുവേണ്ടിയുള്ള ശക്തമായ ഒരു ജനകീയ പ്രസ്ഥാനമായി ഇപ്പോൾ അമേരിക്കയിൽ രംഗത്ത് എത്തിയിരിക്കുന്നത് 2013 മുതലാരംഭിച്ച Blacks lives Matter അഥവാ BLM എന്ന പ്രസ്ഥാനമാണ്. കറുത്ത വർഗ്ഗത്തിന്റെ ജീവിതം ഒരു പ്രശ്നമായി മാറുന്ന എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ സന്ദേശം. മൂന്ന് വനിതകളാണ് BLMന് നേതൃത്വം നൽകുന്നത്. ഫ്ലോറിഡായിൽപതിനേഴ് വയസ്സുകാരനായ ഒരു നീഗ്രോ കൊല ചെയ്യപ്പെട്ട സംഭവം സോഷ്യൽ മീഡിയൽ വന്നതോടെ പുതിയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും Black lives Matter എന്ന പ്രസ്ഥാനം ശക്തി പ്രാപിക്കുകയും ചെയ്തു തുടങ്ങി. BLM-ന്റെ ആവശ്യം അവർ മുന്നോട്ടു വച്ചു. വെള്ളക്കാരുടെ അധീശത്വം അവസാനിപ്പിക്കുക പ്രാദേശിക സമിതികൾക്ക് പീഡനങ്ങൾകണ്ടെത്താനും ശിക്ഷണ നടപടികൾ സ്വീകരിക്കാനുമുള്ള അധികാരം നൽകുക. ഈ രണ്ടാവശ്യങ്ങളാണ് BLM മുന്നോട്ട് വയ്ക്കുന്നത്.
സർക്കാരിന്റെ വർണ്ണ വിവേചനത്തിനെതിരെ അമേരിക്കയിലെ പ്രബുദ്ധമായ ജനത ഇന്ന് നിരന്തരം സമരപോരാട്ടങ്ങളുടെ പാതയിലാണ്.
ആത്യന്തികമായി ഇത് ഒരു പുതിയ അമേരിക്കയുടെ നിർമ്മിതിക്ക് തുടക്കമിടുമെന്ന് പ്രത്യാശിക്കാം.