മലപ്പുറം ഇരുമ്പഴി സ്വദേശി അസീസിന്റെ ഓട്ടോയ്ക്ക് ചില പ്രത്യേകതകളുണ്ട്. കൊവിഡ് കാലത്ത് അത്യന്താപേക്ഷിതമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയാണ് ഈ ഒാട്ടോ ശ്രദ്ധേയമാകുന്നത്. പി.വി.സി പൈപ്പിന്റെ രണ്ടറ്റവും അടച്ച് അതിൽ ചെറിയൊരു ടാപ്പ് ഘടിപ്പിച്ചാണ് കൈ കഴുകാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. ഓട്ടോയിൽ തന്നെ ക്രമീകരിച്ചിട്ടുള്ള സാനിട്ടൈസർ അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകിയ ശേഷം മാത്രമേ ഇതിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളു.

auto

മലപ്പുറം സി.ഐ.ടി.യു മേഖലാ പ്രസിഡന്റ് കൂടിയാണ് അബ്ദുൾ അസീസ്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് ഈ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. റിക്ഷക്കാരുടെയും, യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരം സജ്ജീകരണങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നും, ഏകദേശം 200 രൂപ മാത്രമാണ് ഇതിന്റെ ചിലവെന്നും ഓട്ടോ റിക്ഷാ തൊഴിലാളികൾ പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ആദ്യമായി അസീസിന്റെ ഓട്ടോയിൽ സ്ഥാപിച്ചത്. ഇത് കൂടാതെ ഡ്രൈവറെയും യാത്രക്കാരെയും വേർതിരിക്കാൻ കഴിയുന്ന ഒരു പാർട്ടീഷ്യൻ വെയ്ക്കാനും ഇവർ പദ്ധതിയിട്ടിരിക്കുകയാണ്. ഇതിനായുള്ള സ്പോൺസർമാരെയും കണ്ടെത്തിയിരുന്നു. പാർട്ടീഷ്യൻ ചെയ്യുന്നത് വഴി വായുവിലൂടെ പകരാൻ സാദ്ധ്യതയുള്ള അണുക്കളെ ഒരു പരിധി വരെ ചെറുത്ത് നിർത്താൻ കഴിയുമെന്നും ഓട്ടോ റിക്ഷാ തൊഴിലാളികൾ പറയുന്നു.