കാസർകോട്: കൊവിഡ് 19 വ്യാപന കാലത്തും സംസ്ഥാനത്തെ 108 ആബുലൻസ് ജീവനക്കാരുടെ ശമ്പളത്തിൽ കൃത്യതയില്ലാത്തതോടെ ഡ്രൈവർമാരടക്കം സമരത്തിന് ഒരുങ്ങുന്നു. ഈ മാസം 15നകം ശമ്പളം നൽകിയില്ലെങ്കിൽ തൊട്ടടുത്ത ദിവസം നാലു മണിക്കൂർ സർവീസ് നിർത്തി സൂചനാ പണിമുടക്കിലേക്ക് പോകും. ഇടപെടൽ ഉണ്ടായില്ലെങ്കിൽ തൊട്ടടുത്ത ദിവസം മുതൽ സമരം ശക്തമാക്കും. ശമ്പള കുടിശിക തീർക്കാൻ ആവശ്യപ്പെട്ട് സി.ഐ.ടി.യു യൂണിയൻ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
കാസർകോട് ജില്ലാ കളക്ടർക്കും ജില്ലാ ലേബർ ഓഫീസർക്കും ഡി.എം.ഒ, ഡി.പി.എം എന്നിവർക്കാണ് നിവേദനം നൽകിയത്. ഇവർ അനുകൂലമായി പ്രതികരിച്ചതായി നേതാക്കൾ പറയുന്നു. ആംബുലൻസ് നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ ഇ.എം.ആർ.ഐ ഗ്രൂപ്പിന്റെ സംസ്ഥാന ചുമതലയുള്ളയാളെ ലേബർ ഓഫീസർ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ ശമ്പളത്തിന്റെ കാര്യത്തിൽ തീർപ്പ് കലിപ്പിക്കുമെന്ന് ലേബർ ഓഫീസറെ അറിയിച്ചതായും ഇവർ പറയുന്നു. കാസർകോട് ജില്ലയിൽ മാത്രം 14 ആംബുലൻസുകളിലായി അൻപതോളം പേർ ജോലിചെയ്യുന്നുണ്ട്. ഏപ്രിൽ മാസത്തെ ശമ്പളം മേയ് 28നാണ് നൽകിയത്.
മേയ് മാസത്തെ ശമ്പളം ഇതുവരെ കൊടുത്തിട്ടുമില്ല. വീട്ടുകാരും തങ്ങളും പട്ടിണിയിലാണെന്നും ഇങ്ങനെ ജോലിചെയ്ത് മരിക്കാൻ ആകില്ലെന്നും തൊഴിലാളികൾ പറയുന്നു. സാധാരണക്കാർക്ക് സൗജന്യ സേവനവുമായി 314 ആംബുലൻസാണ് സംസ്ഥാനത്ത് തലങ്ങും വിലങ്ങും സർവീസ് നടത്തുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് 108 സേവനം ആരംഭിച്ചത്. സംസ്ഥാനത്ത് 1400 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സർക്കാർ ശമ്പള തുക കമ്പനിയ്ക്ക് നൽകിയിട്ടുണ്ടെെങ്കിലും അറ്റകുറ്റപ്പണിയുടെ തുക നൽകിയിട്ടില്ലെന്നാണ് ആരോപണം. ഇതാണ് ഇത്രയും പേരെ ദുരിതത്തിലാക്കിയത്.