pic

കൊല്ലം: വ്യത്യസ്ത സംഭവങ്ങളിലായി പാരിപ്പള്ളിയിൽ നാലുപേർക്ക് അക്രമികളുടെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. കല്ലുവാതുക്കൽ ഊഴായിക്കോട് പണം കടം നൽകാത്തതിലുള്ള വിരോധം മൂലം മൂന്ന് പേർക്കാണ് വെട്ടേറ്റത്. ഊഴായിക്കോട് അയിരുമൂല രാജിഭവനിൽ രാജന്റെ മകൻ രാജേഷ് (35),സഹോദരിയുടെ മക്കളായ വിപിൻ (17), വിജിൻ എന്നിവർക്കാണ് വടിവാൾ കൊണ്ട് വെട്ടേറ്റത്.

രാജേഷിന് തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിൽ വിപിന്റെ കൈവിരലുകൾ അറ്റുപോയി. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ശരത്ബാബു എന്ന കൊച്ചുകുട്ടൻ, ജോബിൻ എന്നിവർക്കെതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും വ്യാപകമായി തിരച്ചിൽ നടക്കുന്നതായും പാരിപ്പള്ളി പൊലീസ് അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ 144 നിലനിൽക്കുന്ന പ്രദേശത്താണ് അക്രമം അരങ്ങേറിയത്.

പാമ്പുറത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടിവീഴ്ത്തി. പാമ്പുറം വി.പി നിവാസിൽ യോഗാനന്ദനാണ് കൊടുവാൾ കൊണ്ട് കൈയ്ക്ക് വെട്ടേറ്റത്. മരുമകനായ ചാവർകോട് കാറ്റാടിമുക്ക് കൊച്ചുവിള വീട്ടിൽ സദാനന്ദൻ മകൻ സുനിൽകുമാറിനെ (46) പാരിപ്പള്ളി എസ്‌.ഐ നൗഫലിന്റെ നേതൃത്വത്തിൽ കൈയോടെ പിടികൂടുകയായിരുന്നു.

രാവിലെ പശുവിനെ കറക്കാൻ ഇറങ്ങിയപ്പോഴാണ് മറഞ്ഞിരുന്ന പ്രതി ആക്രമിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ പ്രതി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. പരിക്കേറ്റ യോഗാനന്ദനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.