കൊല്ലം: കേരളാ കോൺഗ്രസ് (ബി) ഇടത് മുന്നണിയിൽ ഉറച്ച് നിൽക്കുമെന്നും തങ്ങൾ സന്തുഷ്ടരാണെന്നും ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ളയും, കെ.ബി.ഗണേശ് കുമാർ എം.എൽ.എയും കൊട്ടാരക്കരയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 'യു.ഡി.എഫിലെ നേതാക്കന്മാരുമായി ചർച്ച നടത്തിയെന്നു പറയുന്നത് കള്ളത്തരമാണ്. ഇടത് മുന്നണിയിൽ എത്തിയിട്ട് അഞ്ച് വർഷം തികയുന്നു. ഞങ്ങൾ അന്തസോടെയാണ് അവിടെ നിൽക്കുന്നത്. നല്ല പെരുമാറ്റമാണ് അവിടെ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതും. മുൻ മന്ത്രി എം.കെ.മുനീർ അസുഖ വിവരം അറിയാനാണ് ഇവിടെ എത്തിയത്. രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടക്കാതെ സൗഹൃദ സംഭാഷണം മാത്രം നടത്തി മടങ്ങുകയും ചെയ്തു. മറ്റൊരാളും വന്നിട്ടുമില്ല. സംസാരിച്ചിട്ടുമില്ല.'- ബാലകൃഷ്ണ പിള്ള പറഞ്ഞു.
'ആ വണ്ടിയിലേക്ക് ഇനി ഞങ്ങൾ കയറില്ല. ഇനി രാഷ്ട്രീയം പറയാനായി യു.ഡി.എഫിലെ ഒരു നേതാവും ഇവിടേക്ക് വരികയും വേണ്ട. എന്നാൽ സൗഹൃദത്തിന് അതിർവരമ്പില്ല, എപ്പോൾ വേണമെങ്കിലും വരികയും ചെയ്യാം. കേരളാ കോൺഗ്രസ് യു.ഡി.എഫിലേക്ക് പോകാനൊരുങ്ങുന്നുവെന്ന വാർത്തകൾ ഗൂഢാലോചനയുടെ ഭാഗമാണ്. ഗണേശിന് അര മനസുണ്ടെന്ന് പറയുന്നത് തെറ്റാണ്. കേരളാകോൺഗ്രസിലെ നേതാക്കളും അണികളും ഇടത് മുന്നണിയിൽ പൂർണ തൃപ്തരാണ്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഘടക കക്ഷി എന്ന നിലയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും.
കൊവിഡ് മഹാമാരിയെ തടുക്കാൻ സംസ്ഥാന സർക്കാർ എടുത്ത നടപടികൾ അഭിനന്ദനാർഹമാണ്. സാമ്പത്തിക ഞെരുക്കത്തിലും ലോക പ്രശസ്തി നേടിയെടുത്ത പ്രവർത്തനങ്ങളെ എങ്ങിനെ പൊളിയ്ക്കാമെന്ന് മാത്രമാണ് പ്രതിപക്ഷം ചിന്തിച്ചതും പ്രവർത്തിച്ചതും. വിദേശ രാജ്യങ്ങളിൽ മാസം അഞ്ച് ലക്ഷം രൂപ ശമ്പളം വാങ്ങുന്നവർക്കും നാട്ടിലെത്തുമ്പോൾ സർക്കാർ ചെലവിൽ സൗജന്യ താമസവും മറ്റ് സംവിധാനവും വേണമെന്ന് ആവശ്യം അംഗീകരിക്കാനാവുന്നതല്ല. യു.ഡി.എഫിലേക്ക് ഞങ്ങൾ വരണമെന്ന് നേതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റ് പറയാനൊക്കില്ല. നല്ല പെണ്ണുങ്ങളെ കാണുമ്പോൾ ചിലർ ആഗ്രഹിക്കുന്നതുപോലെയാണത്.
കിട്ടണമെന്നില്ലല്ലോയെന്നും ആർ.ബാലകൃഷ്ണ പിള്ള പറഞ്ഞു. താൻ രണ്ടുതവണയും സ്വയം മന്ത്രിസ്ഥാനം ഉപേക്ഷിച്ചതാണെന്നും മന്ത്രിയാക്കാഞ്ഞതിൽ പ്രതിഷേധിച്ച് മുന്നണി വിടുമെന്ന് പ്രചരിപ്പിച്ച് നാണെകെടുത്തല്ലേയെന്ന് കെ.ബി.ഗണേശ് കുമാറും അഭ്യർത്ഥിച്ചു.
സ്കൂളുകൾ തുറക്കണം
സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂലൈ ഒന്നിനെങ്കിലും തുറക്കാൻ സർക്കാർ തീരുമാനമെടുക്കണമെന്ന് ആർ.ബാലകൃഷ്ണ പിള്ള പറഞ്ഞു. ഓൺലൈൻ പഠനം നമ്മുടെ രാജ്യത്ത് വരാനുള്ള സമയമായിട്ടില്ല. എന്നാലത് നടന്നുകൊള്ളട്ടെ. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നേരിട്ട് പഠിപ്പിച്ചെങ്കിലേ ഗുണം ലഭിക്കു. ഓൺലൈൻ പഠനം അത്ര ഗുണകരമാകില്ലെന്നും പിള്ള കൂട്ടിച്ചേർത്തു.