pic

കൊല്ലം: പടിഞ്ഞാറേ കല്ലട പഞ്ചായത്തിൽ കോതപുരം വാർഡിലെ കെട്ടിടത്തിൽ തെരുവിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്തു വരുന്ന ശക്തമായ മഴയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കുന്നിന്റെ അടിവാരത്തെ താമസക്കാരിയായ കാണിക്കൽ വീട്ടിൽ സുഭാഷിണിയുടെ വീടിന് പിന്നിലാണ് മണ്ണിടിഞ്ഞ് വീണത്. വീടിനോടു ചേർന്നുള്ള കുളിമുറിക്കും കക്കൂസിനും ഭാഗികമായി കേടുപാടു സംഭവിച്ചിട്ടുണ്ട്. കൂടാതെ തൊട്ടടുത്ത താമസക്കാരിയായ പൊന്നമ്മയുടെ വീടിന് മുകളിലേക്ക് ഏതുസമയവും പിഴുതു വീഴാവുന്ന തരത്തിൽ ഒരു വൃക്ഷവും അപകട ഭീഷണിയായി നിൽപ്പുണ്ട്.

പടിഞ്ഞാറേ കല്ലട വില്ലേജ് ഓഫീസർ ജീന, വാർഡ് മെമ്പർ ആർ. ജോസ് എന്നിവർ സ്ഥലത്തെത്തി അപകട ഭീഷണി നിലനിൽക്കുന്ന കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ വേണ്ട നടപടി സ്വീകരിച്ചു. വീണ്ടും മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ളതിനാൽ 4650 മെട്രിക് ടൺ മണ്ണ് നീക്കം ചെയ്യാനാണ് അനുമതി ലഭിച്ചതെന്ന് കുന്നത്തൂർ തഹസിൽദാർ സുരേഷ് ബാബു പറഞ്ഞു.

കുന്നിൻമുകളിലെ മണ്ണ് മാറ്റും

അപകട സാദ്ധ്യത കണക്കിലെടുത്ത് കുന്നിൻമുകളിലെ മണ്ണ് മാറ്റാൻ ഉത്തരവായി. കുന്നിൻ ചരിവിലെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴാൻ സാദ്ധ്യതയുള്ള ഭാഗത്തെ മണ്ണ് നീക്കം ചെയ്യാൻ ജിയോളജി വകുപ്പാണ് ഉത്തരവിട്ടത്. 93 മീറ്റർ നീളത്തിലും 12 മീറ്റർ ഉയരത്തിലും 5 വീടുകളോട് ചേർന്ന് ഇടിഞ്ഞുവീഴാറായി നിൽക്കുന്ന കുന്നിൻമുകളിലെ മണ്ണാണ് നീക്കം ചെയ്യുന്നത്.