john

തിരുവനന്തപുരം: മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി.പൊഴിയൂർ സ്വദേശി ജോണിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സഹോദരിയുടെയും അച്ഛന്റെയും പരാതിയെ തുടർന്നായിരുന്നു പോസ്റ്റ്‌മോർട്ടം. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പറഞ്ഞ ജോണിന്റെ ഭാര്യയും മക്കളും ആത്മഹത്യയാണെന്ന് പിന്നീട് ബന്ധുക്കളോട് പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്.

മാർച്ച് ആറിനാണ് പൊഴിയൂരിലെ വീട്ടിൽ ജോൺ മരിച്ചത്. ഹൃദയാഘാതമെന്നായിരുന്നു ഭാര്യയും മക്കളും ബന്ധുക്കളോട് പറഞ്ഞത്. മൂന്ന് ആശുപത്രികളിൽ കൊണ്ടു പോയെന്നും പോസ്റ്റ്‌മോർട്ടം നടത്തിയെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് ഏഴിന് പരുത്തിയൂർ പള്ളിയിലെ സെമിത്തേരിയിൽ മൃതദേഹം അടക്കി. എന്നാൽ മരണത്തിൽ സംശയം തോന്നിയ ജോണിന്റെ അച്ഛനും, സഹോദരിയും പൊലീസിൽ പരാതി നൽകി. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞ ജോണിന്റെ ഭാര്യയും മക്കളും ആത്മഹത്യയാണെന്ന് പിന്നീട് ബന്ധുക്കളോട് മാറ്റി പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്.

അച്ഛന്റെയും സഹോദരിയുടെയും പരാതിയിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. ആത്മഹത്യയാണെന്ന് പറഞ്ഞാൽ പള്ളി സെമിത്തേരിയിൽ അടക്കില്ലെന്ന കാരണത്താലാണ് വിവരം മറച്ചുവെച്ചതെന്നാണ് ജോണിന്റെ ഭാര്യയുടെയും മക്കളുടെയും മൊഴി. ഭാര്യയും മക്കളും ജോണുമായി നിരന്തരം വഴക്കിടാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. പന്ത്രണ്ട് മണിയോടെ കല്ലറ നീക്കി പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. ജോണിന്റെ മക്കളും സെമിത്തേരിയിലെത്തിയിരുന്നു. സംഭവത്തിൽ ദുരൂഹതകൾ ആരോപിക്കപ്പെടുന്നുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നും നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സൂപ്രണ്ട് ശശികലയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം.