transparent-face-masks-

ജനീവ : കൊവിഡിന്റെ പശ്ചാത്തലത്തിൽ ഫേസ് മാസ്കില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. പക്ഷേ, മാസ്ക് ധരിച്ച് കഴിഞ്ഞാൽ പരസ്പരം മനസിലാക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും മാസ്ക് ഒഴിവാക്കാനാകില്ല. ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് സ്വിസ് ഗവേഷകർ. സർജിക്കൽ മാസ്കുകളെ പോലെ തന്നെ വൈറസിനെ ചെറുത്തു നിറുത്താൻ ശേഷിയുള്ള ഒരു കംപ്ലീറ്റ് ട്രാൻസ്പരന്റ് മാസ്ക് വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ.

കഴി‌ഞ്ഞ രണ്ട് വർഷമായി ട്രാൻസ്പരന്റ് മാസ്കുകൾ വികസിപ്പിക്കാൻ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരുന്ന സ്വിസ് സംഘമാണ് ഇതിനു പിന്നിൽ. ഈ ട്രാൻസ്പരന്റ് മാസ്കിലൂടെ നമുക്ക് ശ്വാസമെടുക്കുന്നതിന് യാതൊരു തടസവും ഉണ്ടാകില്ലെന്ന് ഗവേഷകർ ഉറപ്പു നൽകുന്നു. നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന മാസ്കുകൾ ഇപ്പോൾ ഒട്ടുമിക്ക രാജ്യങ്ങളിലും കർശനമാണ്. പുതിയ നിറങ്ങളും പാറ്റേണുകളും പരീക്ഷിക്കുന്ന മാസ്കുകളും വിപണിയിൽ ലഭ്യമാണ്. എങ്കിലും തങ്ങളുടെ മുഖം മൂടി വയ്ക്കാൻ ഇഷ്ടപ്പെടാത്തവരും നമുക്ക് ചുറ്റുമുണ്ട്. അത്തരക്കാർക്ക് ഈ ട്രാൻസ്പരന്റ് മാസ്ക് ഇണങ്ങുമെന്ന് തീർച്ച.

സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന എസൻഷ്യൽ ടെക് സെന്റർ, സ്വിസ് ഫെഡറൽ ലബോറട്ടറീസ് ഫോർ മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ ടീമാണ് ഈ ട്രാൻസ്പരന്റ് മാസ്കിന് പിന്നിൽ. ക്ലൗസ് ഷോനെൻബെർഗർ എന്ന ഗവേഷകന്റെ നേതൃത്വത്തിലാണ് ട്രാൻസ്പരന്റ് മാസ്ക് വികസിപ്പിച്ചത്.

'ഹലോ മാസ്ക്' എന്നാണ് ഇവയ്ക്ക് നൽകിയിരിക്കുന്ന പേര്. 2015ൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പൊട്ടിപ്പുറപ്പെട്ട സമയം ക്ലൗസ് ഷോനെൻബെർഗർ അവിടെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അന്ന് തന്നെ ഫേസ്മാസ്കിന്റെ ഗുണങ്ങളും അതുപോലെ പരിമിതികളും തിരിച്ചറിയാൻ ഷോനെൻബെർഗറിന് കഴി‌ഞ്ഞിരുന്നു.

മാസ്ക് ധരിക്കുന്നത് കൊണ്ടുള്ള പ്രധാന പരിമിതി എന്തെന്നാൽ ഒരാൾക്ക് മറ്റൊരാളുടെ മുഖഭാവങ്ങൾ തിരിച്ചറിയാനാകില്ല എന്നതാണ്. കേൾവി ശക്തയില്ലാത്തവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ചുണ്ടുകളുടെ ചലനത്തിലൂടെയാണ് ഒരാൾ പറയുന്നതെന്തെന്ന് ഇവർ മനസിലാക്കുന്നത്. അതേ സമയം, വൈറസ് വ്യാപനം തടയാൻ തല മുതൽ കാൽപാദം വരെ സുരക്ഷാ വസ്ത്രങ്ങളാൽ മൂടപ്പെട്ട ആരോഗ്യപ്രവർത്തകരെയും നാം കാണുന്നു. ഐഡികാർഡുകൾ വഴിയാണ് ഡ്യൂട്ടി സമയങ്ങളിൽ ഇവർ പരസ്പരം തിരിച്ചറിയുന്നത്.

നിലവിൽ സുതാര്യമായ മുഖാവരണങ്ങൾ ഉണ്ടെങ്കിലും അവ ഉപയോഗിക്കാൻ ബുദ്ധിമുട്ട് കൂടിയവയോ, വലിപ്പം കൂടിയവയോ ആണ്. എന്നാൽ ഹലോ മാസ്കുകളാകട്ടെ കാഴ്ചയിൽ സുതാര്യമാണെങ്കിലും നാം ഇപ്പോൾ ഉപയോഗിക്കുന്ന നീല, വെള്ള, പച്ച നിറങ്ങളിലെ മെഡിക്കൽ മാസ്കുകളുടെ അതേ പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. ഉപയോഗിക്കാനും എളുപ്പമാണ്. ഇന്റർനെറ്റിൽ തിരയുമ്പോൾ പകുതി ട്രാൻസ്പരന്റായ മാസ്കുകളുടെ പ്രോട്ടോടൈപ്പുകൾ കാണാം. എന്നാൽ ഒരു ഭാഗത്ത് തുണിയ്ക്ക് പകരം പ്ലാസ്റ്റിക് ഉപയോഗിച്ചിരിക്കുന്ന സാധാരണ മാസ്കുകളാണ് അവ. മെഡിക്കൽ മാസ്കുകളിലേത് പോലുള്ള അതി സൂഷ്മ സുഷിരങ്ങളുള്ള ഹലോ മാസ്ക് വായുവിനെ കടത്തി വിടുമെങ്കിലും വൈറസിനെയും ബാക്ടീരിയയേയും ഉള്ളിലേക്ക് കടക്കാൻ അനുവദിക്കില്ല. 99 ശതമാനവും ബയോമാസിൽ നിന്നാണ് ഹലോ മാസ്ക് നിർമിക്കപ്പെട്ടിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.

ആരോഗ്യപ്രവർത്തകരിലേക്കാണ് ഹലോ മാസ്ക് ആദ്യമെത്തുക. അടുത്ത വർഷം ആദ്യത്തോടെ കൂടി ഹലോ മാസ്കിനെ പൊതു വിപണിയിലുമെത്തിക്കുമെന്ന് നിർമാതാക്കൾ പറയുന്നു.

transparent-face-masks-