
രോഗികൾ 77 ലക്ഷം
വാഷിംഗ്ടൺ: ലാറ്റനമേരിക്കയിൽ കൊവിഡ് താണ്ഡവം തുടരുന്നു. ബ്രസീൽ, മെക്സിക്കോ, ചിലി, പെറു എന്നിവിടങ്ങളാണ് കൊവിഡിന്റെ പുതിയ ഹോട്ട്സ്പോട്ടുകൾ. മരണത്തിൽ ബ്രിട്ടനെ മറികടന്ന് ബ്രസീൽ രണ്ടാമതെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീസിൽ 909 മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണം 41,901. രോഗികൾ എട്ട് ലക്ഷമായി. ബ്രിട്ടനിൽ ഇതുവരെ 41,481 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗികൾ 9,92,950.
മെക്സിക്കോയിലും ചിലിയിലും ഒരു ലക്ഷത്തിലധികം രോഗികളുണ്ട്. ആകെ മരണം 16,448ഉം 2,870 ഉം. പെറുവിൽ രോഗികൾ രണ്ട് ലക്ഷം കടന്നു. ആകെ മരണം 6,308.
ലോകത്ത് കൊവിഡ് രോഗികൾ 77 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ 1,40,917 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, രോഗികളും മരണവും ഉയരുന്നതിനൊപ്പം ലോകത്താകെ രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ആശ്വാസകരമാണ്. ഇതുവരെ 40 ലക്ഷത്തോളം പേർ രോഗവിമുക്തരായി. മരണം 4.28 കവിഞ്ഞു.
അമേരിക്കയിൽ രോഗികൾ 21 ലക്ഷമായി. മരണം 1.16 ലക്ഷം. റഷ്യയിൽ ഇന്നലെയും 8000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികൾ അഞ്ച് ലക്ഷം കടന്നു. ആകെ മരണം 6,829.
ചൈനയിൽ വീണ്ടും കൊവിഡ് ഭീതി
ചൈനയിൽ വീണ്ടും കൊവിഡ് വർദ്ധിക്കുന്നു. തലസ്ഥാന നഗരമായ ബീജിംഗിലാണ് രണ്ട് ദിവസമായി രോഗികൾ വർദ്ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇതിൽ ഏഴ് പേർ ലക്ഷണങ്ങളില്ലാത്തവരാണ്. അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരാണ്. ആറുപേർക്ക് രോഗം പിടിപെട്ടത് പ്രാദേശിക വ്യാപനത്തിലൂടെയാണ്. ഈ ആറ് കേസുകളും ബീജിംഗിലാണ്. കൂടുതൽ കേസുകളുള്ള ഫെംഗ്തായി ജില്ലയിൽ അടിയന്തിരാവസ്ഥ പ്രഖ്യപിച്ചു. അവശ്യസേവനങ്ങളൊഴികെ ബാക്കി സ്ഥാപനങ്ങളെല്ലാം അടച്ചിട്ടു. ജില്ലയിലെ ഷിഫാൻഡി മാർക്കറ്റിലാണ് രോഗം പടർന്നിരിക്കുന്നത്. വിദേശത്ത് നിന്ന് വന്നവർക്ക് പുറമെ പ്രാദേശിക വ്യാപനവും ലക്ഷണമില്ലാത്തവർക്ക് രോഗം സ്ഥിരീകരിക്കുന്നതും ചൈനയിൽ രണ്ടാം ഘട്ട വ്യാപനത്തിന്റെ ഭീതി ഉയർത്തുകയാണ്.