ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഔദ്യോഗിക ട്വിറ്രർ അക്കൗണ്ടിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. "കഴിഞ്ഞ വ്യാഴാഴ്ച മുതൽ എനിക്ക് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ശീരത്തിന് ഭയങ്കര വേദനയും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ നിർഭാഗ്യവശാൽ കൊവിഡ് പോസിറ്രീവാണെന്ന് തെളിഞ്ഞു. വേഗം സുഖം പ്രാപിക്കാൻ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം"- അഫ്രീദി ട്വിറ്ററിൽകുറിച്ചു.
കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ പാക് ക്രിക്കറ്റ് താരമാണ് അഫ്രീദി. നേരത്തേ തൗഫീക്ക് ഉമറിനും കൊവിഡ് ബാധിച്ചിരുന്നു. തൗഫീക്ക് വേഗം സുഖം പ്രാപിക്കുകയും ചെയ്തു.കൊവിഡ് വ്യാപനത്തിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് സഹായമായി നിരവധി ചാരിറ്രി പ്രവർത്തനങ്ങൾ അഫ്രീദി നടത്തിയിരുന്നു. കുറച്ചുനാൾ മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി മോദിക്കെതിരെ അഫ്രീദി വിദ്വേഷ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.