കംപാല : 25 വയസുള്ള ആൺ ഗോറില്ലയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നാല് പേരെ ഉഗാണ്ടൻ വൈൽഡ് ലൈഫ് അതോറിറ്റി പിടികൂടി. ബ്വിന്ദി ഇംപെനെട്രബിൾ നാഷണൽ പാർക്കിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയങ്കരനും ഗോറില്ല സംഘത്തിലെ നേതാവുമായിരുന്ന സിൽവർ ബ്ലാക്ക് ഗോറില്ലയായ റാഫികിയെ ആണ് വേട്ടക്കാർ കൊന്നത്. ജൂൺ ഒന്നിന് കാണാതായ റാഫികിയുടെ മൃതദേഹം അടുത്ത ദിവസം പാർക്കിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു.
ഉഗാണ്ടയിൽ അയൽ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയുമായുള്ള അതിർത്തി പ്രദേശത്തിന് സമീപം സ്ഥിതി ചെയ്യുന്ന ബ്വിന്ദി ഇംപെനെട്രബിൾ നാഷണൽ പാർക്ക് യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്. 320 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഇടതൂർന്ന ഉഷണ മേഖലാ വനപ്രദേശമാണ് ഇവിടം. വംശനാശ ഭീഷണി നേരിടുന്ന ഗോറില്ലകൾ ഉൾപ്പെടെ ആന, മാൻ, കരടി തുടങ്ങിയ നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഇവിടം. ലോകത്ത് ജീവിച്ചിരിക്കുന്നതിൽ പകുതിയിലേറെ മൗണ്ടൻ ഗോറില്ലകളും ഈ പാർക്കിലുണ്ട്. ഇവിടുത്തെ 400 ഓളം മൗണ്ടൻ ഗോറില്ലകളെ കാണാനാണ് കൂടുതൽ സന്ദർശകരുമെത്തുന്നത്. മൂർച്ചയേറിയ ഏതോ വസ്തുവോ ഉപകരണമോ കൊണ്ടുണ്ടാക്കിയ മാരക പരിക്കാണ് റാഫികിയുടെ മരണകാരണമായത്. റാഫികിയുടെ ആന്തരികാവയവങ്ങൾ തകർന്നിട്ടുണ്ട്. റാഫികിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നവരിൽ ഒരാളെ കാട്ടുപന്നിയുടെ ഇറച്ചി കടത്തിയതിന് പിടികൂടിയിരുന്നു.
കാട്ടിൽ വേട്ടയ്ക്കിറങ്ങിയ തങ്ങളെ ഗോറില്ല ആക്രമിച്ചതായും സ്വയ രക്ഷയ്ക്കായാണ് അതിനെ കൊന്നതെന്നും പിടിയിലായവർ പറയുന്നു. 17 അംഗങ്ങൾ ഉണ്ടായിരുന്ന നികുറിൻഗോ എന്ന് പേരിട്ടിരിക്കുന്ന ഗോറില്ല സംഘത്തിലെ നേതാവായിരുന്നു റാഫികി. ആനകൊമ്പ്, കാണ്ടാമൃഗത്തിന്റെ കൊമ്പ്, ഈനാംപേച്ചി തുടങ്ങിയവയ്ക്കായി ഉഗാണ്ടയിലെ വനപ്രദേശങ്ങളിൽ വേട്ടയാടൽ വ്യാപകമാണ്.