
ജയ്പൂർ: രാജസ്ഥാനിൽ ആനയ്ക്കും കൊവിഡ് പരിശോധന. വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് ആനകൾക്കും കൊവിഡ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ 110ലേറെ ആനകൾക്ക് പരിശോധന നടത്തുമെന്നാണ് വിവരം. എലഫന്റ് വില്ലേജിലുള്ള 63 ആനകളുടെയും അംബർ ഫോർട്ടിന് സമീപത്തുള്ള ബാക്കി ആനകളുടെയും പരിശോധനയാണ് നടത്തുക.ആനസവാരിയ്ക്ക് പേരു കേട്ട സംസ്ഥാനമാണ് രാജസ്ഥാൻ. എണ്ണായിരത്തോളം പേരാണ് ആനസവാരി ഉപജീവനമാർഗമാക്കിയിരിക്കുന്നത്. ആദ്യ ദിനം തന്നെ 50 ആനകളെ പരിശോധിച്ചു കഴിഞ്ഞു. വായിൽ നിന്നും കണ്ണിൽ നിന്നുമാണ് ശ്രവം എടുക്കുന്നത്. വളരെ ശ്രമകരമായ ദൗത്യമാണിത്. മൃഗ ഡോക്ടർമാരും പാപ്പാന്മാരും ഒന്നിച്ച് പ്രവർത്തിക്കുന്നത് കൊണ്ടാണ് ഇത് സാദ്ധ്യമായത്. പരിശോധനാ ഫലം പരമാവധി പത്ത് ദിവസത്തിനുള്ളിൽ ലഭിക്കും - മൃഗ ഡോക്ടറായ അരവിന്ദ് മാഥുർ പറഞ്ഞു. എന്തുകൊണ്ടാണ് മൃഗങ്ങളിൽ ആനകൾക്ക് മാത്രം കൊവിഡ് പരിശോധന നടത്തുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല. പ്രോട്ടോക്കോളിന്റെ ഭാഗമാണെന്നാണ് വിശദീകരണം. സംസ്ഥാനത്ത് ദിനംപ്രതി 25000ലധികം കൊവിഡ് പരിശോധനകളാണ് നടക്കുന്നത്. ഡൽഹിയും തമിഴ്‌നാടും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടക്കുന്നത് രാജസ്ഥാനിലാണ്.