സാവോ പോളോ : ചൈനയിലെ സിനോവാക് ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് തയാറാക്കുന്ന കൊവിഡ് വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിന് കൈകോർത്ത് ബ്രസീസിലിലെ പ്രമുഖ ബയോമെഡിക്കൽ റിസേർച്ച് സെന്ററായ ബൂടാൻടാൻ ഇൻസ്റ്റിറ്റ്യൂട്ടും. സിനോവാകിന്റെ കൊവിഡ് വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണ്. അടുത്ത വർഷം ജൂണോട് കൂടി ലക്ഷക്കണക്കിന് ബ്രസീലുകാർക്ക് ഈ വാക്സിൻ നൽകാൻ സാധിക്കുമെന്നാണ് ബൂടാൻടാൻ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്. സിനോവാക് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ജൂലായ് മുതൽ ബ്രസീലിൽ 9,000 വോളന്റിയർമാരിൽ നടത്തും. വാക്സിൻ പരീക്ഷണം വിജയം കണ്ടാൽ വൻ തോതിൽ വാക്സിൻ നിർമാണം ആരംഭിക്കുമെന്ന് ബൂടാൻടാൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്ന വാക്സിന്റെ ക്ലിനിക്കൽ ട്രയൽ ബ്രസീലിൽ 2,000 വോളന്റിയർമാരിൽ ഫെഡറൽ യൂണിവേഴ്സിറ്റി ഒഫ് സാവോ പോളോയുടെ നേതൃത്വത്തിൽ നടക്കുമെന്ന് കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു. കൊവിഡ് 19ന്റെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടുകളിൽ ഒന്നായ ബ്രസീൽ ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ്. 829,902 പേർക്കാണ് ബ്രസീലിൽ ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചത്. 41,901 പേർ മരിച്ചു.