വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും കൊവിഡ് നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകളുമാണ് ഭീഷണിയാവുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അമേരിക്കയിൽ ആറിലധികം സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണത്തിൽ പ്രകടമായ വർദ്ധനവ് രേഖപ്പെടുത്തിയത്. അരിസോണ, ഉട്ട, ന്യൂ മെക്സിക്കോ എന്നീ സംസ്ഥാനങ്ങളിൽ 40 ശതമാനവും ഫ്ലോറിഡ, അർക്കൻസാസ്, സൗത്ത് കരോലിന, നോർത്ത് കരോലിന എന്നിവിടങ്ങളിൽ 30 ശതമാനവും വർദ്ധനവുണ്ടായി. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടി. ഇത് ഇനിയും വർദ്ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടർന്ന് രാജ്യത്ത് അരങ്ങേറിയ വ്യാപക പ്രതിഷേധത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരങ്ങളാണ് അണിനിരന്നത്. അതോടൊപ്പം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും തിരിച്ചടിയാവുകയാണ്.