ബീജിംഗ്: കൊവിഡിനെ കുറിച്ച് ആദ്യം ലോകത്തോട് വിളിച്ചു പറഞ്ഞ ചൈനയിലെ ഡോക്ടർ ഡോ ലീ വെൻലിയാംഗിന് ആൺകുട്ടി പിറന്നു. അദ്ദേഹത്തിന്റെ ഭാര്യ ഫു ആണ് കുഞ്ഞിന്റെ ചിത്രം പങ്കുവച്ചത്. ചൈനീസ് സർക്കാരിന് രോഗത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയ ലീ കൊവിഡ് ബാധിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ മരിച്ചിരുന്നു.
'ലീയുടെ അവസാന സമ്മാനം' എന്നാണ് അവർ ചിത്രത്തിനെ വിശേഷിപ്പിച്ചത്. 'പ്രിയപ്പെട്ട ലീ, നിങ്ങൾക്ക് ഇത് സ്വർഗത്തിൽ നിന്ന് കാണാമോ..? നിങ്ങൾ എനിക്ക് രണ്ട് സമ്മാനങ്ങൾ തന്നു. തീർച്ചയായും ഞാൻ ആ സമ്മാനങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും'. ആ ചിത്രത്തിനൊപ്പം അവർ കുറിച്ചു. ഗർഭിണിയായ താൻ ലീയുടെ മരണശേഷം നിരവധി ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോയെന്നും ഫു പറഞ്ഞു. ലീ തീർത്തും കരുതലള്ള ഡോക്ടറും സ്നേഹസമ്പന്നനായ ഭർത്താവുമാണ്. അദ്ദേഹത്തിന്റെ മരണം മൂത്തകുട്ടിയിൽ നിന്നു മറച്ചുവച്ചിരുന്നു. അച്ഛൻ വിദേശത്ത് പോയെന്നാണ് അവനോട് പറഞ്ഞിരുന്നതെന്നും അവർ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് കുഞ്ഞിന്റെ ചിത്രത്തിന് ലഭിച്ചത്.
ലീ വ്യാജപ്രചരണം നടത്തുന്നു എന്നാരോപിച്ച് ചൈനീസ് സർക്കാർ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ഉത്തരവ് പിൻവലിച്ച് സർക്കാർ മാപ്പുപറഞ്ഞിരുന്നു.