നീലാകാശത്തിലൂടെ ഒഴുകി നീങ്ങുന്ന വെൺമേഘങ്ങളുടെ ഇടയിൽ തലപൊക്കി നോക്കുന്ന അർക്കബിംബം. വീട്ടിൽ വെറുതെയിരുന്ന് സമയം കളയാൻ തീരെ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് ഞാൻ. ചില ദിവസങ്ങൾ പുതിയ തിരിച്ചറിവുകൾ നൽകുന്നവയാണ്. മെഡിക്കൽ കോളേജിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ചുറ്റിനും കൊറോണ ഭീതിയുള്ള കണ്ണുകളെയാണ് കാണാൻ സാധിച്ചത്. പലതും ആഗ്രഹിച്ച് നിരാശപ്പെടുന്ന മനുഷ്യമനസ്സിന്റെ വിങ്ങലുകളാണ് ഈ കൊറോണക്കാലത്ത് ചുറ്റിനും കാണുന്നത്.
വാക്കുകൾ വറ്റിപ്പോയ മൗനങ്ങളിൽ പ്രതീക്ഷകൾ ബാക്കിയുണ്ടിപ്പോഴും. കണ്ണുകളുടെ ആഴങ്ങളിൽ ഉറഞ്ഞ നീരിന്റെ ഗദ്ഗദവും. കണ്ണുകളുടെ ആഴങ്ങളിൽ നിന്നുതിർന്നു വീണ മുത്തുമണികളിൽ എല്ലാം അതിജീവിക്കും എന്ന പ്രതീക്ഷയാണ്. കാലം കരുതി വെച്ചത്, അത് എന്തായാലും എന്നായാലും നമ്മെ തേടി വരിക തന്നെ ചെയ്യും. ജീവിതത്തിൽ ബുദ്ധിമുട്ടുകൾ വരുമ്പോൾ പേടിക്കരുത്. ഒരാഴ്ചത്തെ ബ്രേക്ക് കഴിഞ്ഞ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മടങ്ങുമ്പോൾ ചെയ്തു തീർക്കുവാൻ ഒരുപാട് കാര്യങ്ങളുണ്ട്.
വെയിലും വെള്ളവും വളവും മനസ്സുമുണ്ടെങ്കിൽ വീട്ടിലേക്ക് അത്യാവശ്യം വേണ്ട പച്ചക്കറികളൊക്കെ നമുക്കുണ്ടാക്കാം. ഗ്രോ ബാഗിലായാലും മണ്ണിൽ നേരിട്ടായാലും. മണ്ണൊരുക്കാനും തൈകൾ നടാനും വെള്ളമൊഴിക്കാനും താൽപര്യം കാണിച്ചാൽ വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാം. ഇളവെയിലിൽ പുഞ്ചിരി തൂകി നിൽക്കുന്ന ചീരയും വെണ്ടയും നിറഞ്ഞ അടുക്കളമുറ്റത്ത് കരിങ്കോഴികൾ ചിക്കിപ്പറുക്കുന്നു.
വളപ്പിലെ ചെറിയ കുളത്തിൽ കാരിമീൻ കുഞ്ഞുങ്ങളെ ഇട്ടിരുന്നു. അധിക പ്രാധാന്യം കൊടുക്കാതിരുന്നതിനാൽ വല്ലപ്പോഴുമായിരുന്നു തീറ്റയിട്ടു കൊടുത്തിരുന്നത്. മീനുകൾ മറവിയുടെ മഞ്ഞുപാളികളിൽ ആണ്ടു പോകാൻ തുടങ്ങുമ്പോഴാണ് ഈ ലോക്ക് ഡൗൺ വന്നത്. പറമ്പിലെ നനഞ്ഞ മണ്ണിനടിയിൽ വിഹാരം നടത്തിയിരുന്ന ഞാഞ്ഞൂലുകളെ പിടിച്ച് കുപ്പിയിലാക്കി, ചൂണ്ടയിൽ കോർത്ത് ചൂണ്ട നൂൽ മീൻ വളർത്തുന്ന ചെറിയ കുളത്തിലേക്ക് എറിഞ്ഞ് കാരി മീനുകളെ പിടിക്കലാണ് മകൻ അമർനാഥിന്റെ പ്രധാന വിനോദം.
മീൻ കുഞ്ഞുങ്ങളിപ്പോൾ വളർന്നിരിക്കുന്നു. വലിയ മീനുകളാണ് ചൂണ്ടയിൽ കൊത്തുന്നത്. കുട്ടികൾ സ്വയം പ്രാപ്തരാകാൻ പഠിച്ചിരിക്കുന്നു. ചീരയും പയറും നനച്ചും പറമ്പിൽ വീഴുന്ന അടക്കകളും തേങ്ങകളും വാരിക്കൂട്ടിയും, പഴുത്ത ചാമ്പക്കകൾ പറിച്ചും, മാമ്പഴം കടിച്ചു തിന്നും കുട്ടികൾ ഒഴിവുകാലം ആസ്വദിക്കുന്നു. കറുകപ്പുല്ലുകളും നിലംപരണ്ടയും കൈയുണ്യവും തഴച്ചു വളരുന്ന തൊടിയിൽ പ്രതീക്ഷയുടെ കണികകൾ പോലെ ഏത്തവാഴക്കുലകളും പൂവമ്പഴക്കുലകളും.
തൊടിയിലെ മാവിൻ ചുവട്ടിലെ കരിയിലകളിൽ മുട്ടുകുടിയൻ മാങ്ങ വീണു തുടങ്ങി. ഇതുകൊണ്ട് മാമ്പഴപുളിശ്ശേരി ഉണ്ടാക്കി വച്ചാൽ ഒരാഴ്ച ഇരിക്കും. തൊടിയുടെ അതിർത്തിയിൽ നിൽക്കുന്ന വരിക്കപ്ലാവിന്റെ മുകളിലത്തെ ചില്ലയിൽ തൂങ്ങി കിടക്കുന്ന ചക്കകൾ. അത് വലിച്ചു താഴെയിട്ട് വെട്ടുകത്തി കൊണ്ട് നടുവെട്ടി കണ്ണൻചിരട്ടയുടെ മൂടു കൊണ്ട് ചക്ക വെളഞ്ഞി കുത്തിയെടുക്കുന്നതും ചുള പറിച്ച് ചക്കക്കുരു വേറൊരു പാത്രത്തിലാക്കി മാറ്റി വക്കുന്നതും ഭർത്താവിന്റെ അമ്മയാണ്.
സ്നേഹത്തിന്റെ കുങ്കുമ രാശി പടർന്ന അഴകുള്ള ആ മുഖത്ത് ജീവിത യുദ്ധത്തിൽ പുരണ്ട കറുപ്പു ചായത്തിൽ വികൃതമായ പഴയ കാലങ്ങൾ മിന്നിമറയുന്നു. ചക്കച്ചുള നുറുക്കി കഷണങ്ങളാക്കി കലത്തിലാക്കി മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് അടുപ്പത്ത് വയ്ക്കും. തേങ്ങ ചിരവിയതും പച്ചമുളകും വെളുത്തുള്ളിയും ജീരകവും കൂടി അരച്ച അരപ്പു ചേർത്ത് നന്നായി ഇളക്കി വെന്തുടയുമ്പോൾ ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചുവന്നുള്ളിയും ഉണക്കമുളകും കറിവേപ്പിലയും ചതച്ചിട്ട് വഴറ്റി വെന്ത ചക്കയിലേക്കിട്ട് നന്നായൊന്ന് ഇളക്കിമറിച്ചതിന് ശേഷം അടുപ്പിൽ നിന്നും ഇറക്കി വയ്ക്കും. ഇപ്പോൾ വൈകുന്നേരത്തെ ചായയുടെ കൂടെ മിക്കപ്പോഴും ചക്കപ്പുഴുക്കാണ്.
തട്ടുകട വിഭവങ്ങൾക്കു പകരം പ്രകൃതി ഒരുക്കിയ വിഭവങ്ങളാണ് ഇപ്പോൾ ഉണ്ടാക്കുന്നത്. അടുക്കളമുറ്റത്ത് നിലം പറ്റി വളരുന്ന കൊടങ്ങലിന്റ ഇലയും പച്ചരി കുതിർത്തതും ചേർത്തരച്ച് ശർക്കര ചേർത്ത് കുറുക്കി കുട്ടികൾക്ക് കൊടുക്കാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള കഴിവ് കുടങ്ങലിനുണ്ട്. ഫ്രിഡ്ജിലെ തണുപ്പിച്ച വെള്ളത്തിനു പകരം നാരകത്തിന്റെ ഇലയും ഇഞ്ചിയും കാന്താരിയും ചതച്ചിട്ട മോരും വെള്ളമാണ് ഇപ്പോൾ പതിവാക്കിയിരിക്കുന്നത്.
വിഷുവിന് കണിയൊരുക്കാൻ നേരത്തേ പൂവിട്ട കണിക്കൊന്ന ഇപ്പോൾ മുറ്റത്ത് വിഷാദ മൂകയായി നിൽക്കുന്നു. റേഡിയോയിൽ നിന്നും കൊറോണ ജാഗ്രതയെക്കുറിച്ച് അഭിമുഖം കൊടുക്കുമ്പോഴും എഴുത്തുകാരി എന്ന നിലയിൽ ചാരിതാർത്ഥ്യം തോന്നിയ അഭിമാന നിമിഷമായിരുന്നു. പത്രങ്ങളിലും ചാനലുകളിലും വാർത്തകളിൽ തിളങ്ങി നിൽക്കുമ്പോഴും നേരിട്ട വിമർശനങ്ങളെ പോസിറ്റീവായാണ് ഞാൻ കാണുന്നത്. കല്ലും മുള്ളുമുള്ള പാതകൾ ചവിട്ടി നടന്നാലേ എത്ര ബുദ്ധിമുട്ടുള്ള പടവുകളും വേഗത്തിൽ താണ്ടിക്കയറാൻ കഴിയുകയുള്ളു. എന്റെ വ്യക്തിത്വമാണ് എന്റെ മനസ്സ്.
എന്റെ മനസ്സാണ് എന്റെ ധൈര്യം. എന്നിലെ വ്യക്തിത്വത്തിൽ എനിക്ക് അഭിമാനം തോന്നുന്നിടത്തോളം വിമർശനങ്ങളെ ഭയക്കേണ്ട കാര്യമില്ലല്ലോ...! കർമ്മങ്ങളിലെ നന്മയാണ് ജീവിതത്തിലെ ശുഭാപ്തി വിശ്വാസത്തിന്റെ പ്രചോദനം. അനുകമ്പയും കരുണയുമുള്ള പെരുമാറ്റമാണ് ഒരു വ്യക്തിക്ക് വേണ്ടത്. കുപ്പത്തൊട്ടിയിൽ കഴിയുന്നവനും മണിമാളികയിൽ കഴിയുന്നവനും മനുഷ്യനെന്ന പേര് വീഴുന്നത് നല്ല പെരുമാറ്റവും മാന്യമായ സ്വഭാവവും പ്രകടമാക്കുമ്പോഴാണ്.
എന്റെ സ്വന്തം വീട്ടുകാർ വളരെയേറെ ഉൾഭയത്തോടെയാണ് എന്റെ കൊറോണ വാർഡിലെ ഡൂട്ടി കണ്ടിരുന്നത്. അനിയത്തിമാർ ഇനി എന്റെ വീട്ടിലേക്ക് സന്ദർശനത്തിനില്ല എന്ന് വരെ പറഞ്ഞു. അമ്മയും അച്ഛനും ഓരോ തവണ വിളിക്കുമ്പോഴും ഇതിൽ നിന്നും വിട്ടു നിൽക്കാൻ താക്കീത് തന്നു. എനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് എല്ലാർക്കും ഉൾഭയമാണ്. എന്റെ ബന്ധുക്കളിൽ ചിലരും ഈ ഡൂട്ടിക്കു പോയതെന്തിനാണെന്ന് ഉൾക്കിടലത്തോടെ ചോദിച്ചു. എല്ലാവർക്കും കൊടുക്കാൻ എന്റെ കൈയിൽ ഒരു മറുപടിയേയുള്ളു.
"എന്നായാലും നമ്മൾ മരിക്കും. സമൂഹത്തിനു വേണ്ടി , മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും നന്മ ചെയ്യാൻ കിട്ടുന്ന അവസരം,,,, അത് വിനിയോഗിക്കണം. അതിൽ എനിക്കഭിമാനമേയുള്ളു."
എന്റെ കുട്ടികൾക്ക് വന്നാൽ ഞാൻ നോക്കില്ലേ ? അതുപോലെയാണ് ഞാൻ ഇതിനെ കാണുന്നതും ! കൊറോണ ഐസോലേഷൻ വാർഡിൽ ഡ്യൂട്ടിയുണ്ടായിരുന്ന 14 ദിവസം ജീവിതത്തിൽ എന്നുമോർക്കാനുള്ള സന്ദർഭങ്ങളാണ് തന്നത്. കൊറോണ lsolation വാർഡിലേക്ക് ചെല്ലുമ്പോൾത്തന്നെ പുറത്തു വച്ചിരിക്കുന്ന anti disinfective lotion ഉപയോഗിച്ച് hand wash ചെയ്യും. എന്നിട്ട് mask ധരിക്കും. അതിനു ശേഷമാണ് donning room ൽ (Donnig area means Sterile area ) കയറുന്നത്. ഇട്ടിരിക്കുന്ന dress മാറ്റി കവറിലാക്കി വയ്ക്കും. (ഇത് wash room ലെ cupboard ൽ ആണ് സൂക്ഷിക്കുന്നത്). Donning area യിൽ ഹോസ്പിറ്റൽ ജീവനക്കാർക്ക് Provide ചെയ്യുന്ന പാന്റും ടോപ്പും (പച്ച അല്ലെങ്കിൽ നീല) വച്ചിട്ടുണ്ടാകും. ആദ്യം ഈ dress ധരിക്കും. എന്നിട്ട് ഒന്നുകൂടി hand washing ചെയ്തിട്ടാണ് ഈ dress ന്റെ മുകളിൽ PPE Kit ധരിക്കുന്നത്.
ഈ കിറ്റിട്ട് മാത്രമേ patients ന്റെ മുമ്പിൽ ചെല്ലുകയുള്ളു. ഓരോ തവണയും പോസിറ്റീവായ patient ന്റെ അടുത്ത് പോകുന്നതിന് മുമ്പ് wash room ൽ പുതിയ PPE Kit കൊണ്ടു വയ്ക്കും. എന്നിട്ടാണ് patient ന്റെ മുറിയിൽ കയറുന്നത്. മുറിയിൽ നിന്നിറങ്ങിക്കഴിയുമ്പോൾ നേരെ doffing room ൽ (UnSterile area) ചെന്ന് PPE കിറ്റ് അഴിച്ച് മഞ്ഞ കവറിലാക്കി waste box ൽ ഇടും. എന്നിട്ട് wash room ൽ കയറി handwash ചെയ്ത് പുതിയ കിറ്റ് ധരിക്കും.
N95 mask ഓരോ നാല് മണിക്കൂർ കൂടുമ്പോഴും മാറ്റും. ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ സ്റ്റാഫും ഡ്യൂട്ടി കഴിയുമ്പോൾ Doffing area യിൽ പോയി മഞ്ഞക്കവറിൽ PPE കിറ്റ് ഇട്ടതിനു ശേഷം wash room ൽ പോയി കുളിക്കും. കുളിക്കാനുള്ള lotion, Soap, towel എല്ലാം ഓരോ സ്റ്റാഫിനും വച്ചിട്ടുണ്ട്. ഞങ്ങൾ ഇട്ടിരിക്കുന്ന hospital dress wash ചെയ്യാൻ wash room ലെ Waste bin ൽ ഇടും. ഇത് bleech ലായനിയിൽ 20 മിനിറ്റ് മുക്കി വയ്ക്കും. എന്നിട്ട് വാഷിംഗ് മെഷീനിൽ ലോഷനും പൊടികളുമിട്ട് അലക്കി വെയിലത്ത് ഇട്ട് ഉണക്കി തേച്ചെടുത്ത് donning area യിൽ ഇതിനു വേണ്ടി നിയോഗിച്ചിരിക്കുന്ന hospital staff കൊണ്ടുവയ്ക്കും.
കുളി കഴിഞ്ഞ് മറ്റുള്ള hospital premises ലൂടെ പോകാതെ നേരെ ഐസോലേഷൻ വാർഡിന്റെ മുന്നിലെ റോഡിലൂടെയാണ് പുറത്തേക്കു പോകുന്നത്. അത്രയ്ക്കും Sterile ആയിട്ടാണ് എല്ലാവരും ഈ സാഹചര്യത്തെ അഭിമുഖീകരിക്കുന്നത്. ഞാൻ ഡൂട്ടി കഴിഞ്ഞ് വീട്ടിൽ ചെന്നാൽ നേരെ പിറകു വശത്തുള്ള കുളിമുറിയിൽ ചെല്ലും . അവിടെ വച്ചിരിക്കുന്ന ചൂടുവെള്ളത്തിൽ ധരിച്ചിരിക്കുന്ന ഡ്രസ് മുക്കി വയ്ക്കും. കുളിയും ചൂടുവെള്ളത്തിലാണ്. കുളി കഴിഞ്ഞിട്ടേ വീടിനകത്തേക്ക് പ്രവേശിക്കുകയുള്ളു. എല്ലാത്തിനും husband ഉം കുട്ടികളുമാണ് താങ്ങായി നിൽക്കുന്നത്.
എന്നേക്കാൾ നന്നായി വളരെ സമർപ്പണ മനോഭാവത്തോടെ ജോലി നോക്കുന്ന നേഴ്സുമാരാണ് കൂടെയുള്ളത്. രാപകൽ ഇതിനുവേണ്ടി ഉറക്കമൊഴിച്ചു ജോലി ചെയ്യുന്ന സഹപ്രവർത്തകർ. അവരുടെ മുമ്പിൽ ഞാൻ ഒന്നുമല്ല. ഇതിനെല്ലാം പ്രത്യേക നന്ദി പറയേണ്ടത് 24 മണിക്കൂറും കർത്ത്യനിർവഹണത്തിലേർപ്പെട്ട ഹോസ്പിറ്റൽ അധികാരികൾക്കും ഉറക്കമില്ലാതെ കൊറോണയെ അതിജീവിക്കാൻ അശ്രാന്തം പരിശ്രമിച്ച infection control charge ഉള്ള ഹെഡ് നേഴ്സുമാരായ സിജി ജോസ് സിസ്റ്റർക്കും ഷീല കൃഷ്ണൻ സിസ്റ്റർക്കും ജീവനക്കാരെ എല്ലാവരേയും ഏകോപിപ്പിച്ച് കൊറോണക്കെതിരേ ഒരേ കുടക്കീഴിൽ പ്രവർത്തിക്കാൻ പ്രചോദനം തരുന്ന ഷൈനി ആൻറണി സിസ്റ്റർക്കുമാണ്.
ആരോഗ്യപ്രവർത്തകർക്ക് സമൂഹത്തോട് എന്നും പ്രതിബദ്ധത കൂടുതലായിരിക്കും. ബന്ധുക്കളും സുഹൃത്തുക്കളും ഉൾഭയത്തോടെ കാണുന്ന കൊറോണ ഭീതിയകറ്റാൻ ഒരു പ്രചോദനം . അത്രയേ ഉദ്ദേശിച്ചിട്ടുള്ളു. ഭയമില്ലാതെ കൊറോണ വാർഡിൽ ഡ്യൂട്ടി ചെയ്യാൻ കഴിഞ്ഞതും ഈ അക്ഷരങ്ങൾ നൽകുന്ന വേറിട്ട കാഴ്ചപ്പാട് കൊണ്ടാകാം. ദിവസവും ബസിലും ട്രെയിനിലുമായി 4 മണിക്കൂർ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്താണ് ഞാൻ ജോലിക്കു പോകുന്നത്. എഴുതുന്നതെല്ലാം ട്രെയിൻ യാത്രകൾക്കിടയിലാണ്.
യാത്ര ഇഷ്ടപ്പെടുന്നതു കൊണ്ട് എനിക്കിത് വിഷമകരമായി അനുഭവപ്പെടാറില്ല. കാരണം ചെറിയ ചെറിയ കാര്യങ്ങളിലാണ് ഞാൻ കൂടുതൽ സന്തോഷം കണ്ടെത്തുന്നത്. സ്നേഹമുള്ള ഹൃദയങ്ങളും വിശാലമായി ചിന്തിക്കുന്ന മനസ്സുകളുമാണ് കൂട്ടുകാരിലധികവും. സൗഹൃദം ഒരു തണലാണ്. നെഞ്ചിൽ നെരിപ്പോട് കത്തുമ്പോൾ അണക്കാനുള്ള തണൽ. സുഹൃത്തുക്കൾ തരുന്ന തണൽ വലുതാണ്. കാണാതാകുമ്പോൾ വേവലാതിപ്പെട്ടു അന്വേഷിക്കുന്നവർ. ഇങ്ങനെ നന്മയുള്ള സൗഹൃദങ്ങൾ കിട്ടാനും സുകൃതം ചെയ്യണം.
ജീവിതം ജീവിച്ചു തീർക്കലല്ല, അത് അറിയലുകളുടെ , തിരയലുകളുടെ ഒരു യാത്രയാണ്. വീട്ടിലിരുന്ന് മനസ്സിന്റെ സഞ്ചാരമായ എഴുത്തിന് മുന്നോടിയായി പൂർത്തിയാക്കാൻ ബാക്കി വച്ച നോവലുകൾ എഴുതാനും കൂടി
വീണു കിട്ടിയ ഈ ദിനങ്ങൾ പൂർണ്ണമായി വിനിയോഗിക്കാൻ ശ്രമിക്കുന്നു. ഏകാഗ്രത കിട്ടിയാലേ എഴുത്തിന് പൂർണ്ണത കിട്ടുകയുള്ളു. രാവിലെയും രാത്രിയും പിന്നെ വീണു കിട്ടുന്ന സായാഹ്നങ്ങളിലുമായി ആറാമത്തെ നോവലിന്റെ പണിപ്പുരയിൽ അക്ഷരങ്ങൾ കോറിയിടുന്നു.
മറ്റുള്ളവര്‍ നമുക്കു വേണ്ടി എന്തു ചെയ്യുന്നു, നമ്മളോട് എങ്ങനെയാണ് പെരുമാറുന്നത് എന്നു ചിന്തിച്ച് നാം സമയം കളയരുത്. മറ്റുള്ളവര്‍ക്കു വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന ചിന്താഗതിയെ വളര്‍ത്തിയെടുക്കാൻ കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിന് ധന്യതയുണ്ടാകും. മാർച്ചിലെ മുംബൈ യാത്രയും ഏപ്രിൽ മെയ് മാസങ്ങളിലെ ലക്ഷദ്വീപ് , നേപ്പാൾ യാത്രകളും മാറ്റിവയ്ക്കേണ്ടി വന്നതിന്റെ നഷ്ടബോധമുണ്ടെങ്കിലും എഴുത്തും ജോലിയും യാത്രയും കുടുംബവും പിന്നെ സ്വല്പം പാചകവും കൃഷിക്കാര്യങ്ങളുമായി ജീവിതം മുന്നോട്ടുപോകുമ്പോൾ മുറുകെ പിടിക്കാൻ ശുഭാപ്തി വിശ്വാസം ഒന്ന് മാത്രമാണുള്ളത്.