ചെന്നൈ:- സുപ്രസിദ്ധ തെന്നിന്ത്യൻ ഛായാഗ്രാഹകൻ ബി. കണ്ണൻ അന്തരിച്ചു. 69 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചെന്നൈയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ വച്ചാണ് അന്ത്യം സംഭവിച്ചത്. ചെന്നൈയിലെ BOFTA ചലച്ചിത്ര അക്കാദമിയിൽ ഛായാഗ്രാഹക വിഭാഗം തലവനായി പ്രവർത്തിച്ച് വരികയായിരുന്നു കണ്ണൻ. അക്കാദമി സ്ഥാപകൻ ജി. ധനഞ്ജയനാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. കാഞ്ചനയാണ് കണ്ണന്റെ ഭാര്യ. മധുമതി,ജനനി എന്നിവർ മക്കളാണ്. പ്രസിദ്ധ ചലച്ചിത്രകാരനും തിരക്കഥാകൃത്തുമെല്ലാമായിരുന്ന ഭീം സിംഗിന്റെ മകനാണ് കണ്ണൻ. പ്രസിദ്ധ എഡിറ്റർ ബി.ലെനിൻ സഹോദരനുമാണ്.
അൻപതോളം ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ച കണ്ണൻ അതിൽ നാൽപതും ചെയ്തത് ഭാരതിരാജയ്ക്ക് വേണ്ടിയാണ്. നിഴൽഗൾ,മുതൽ മരിയാതൈ,ഒരു കൈതിയിൻ ഡയറി,കിഴക്ക് ചീമയിലെ എന്നിവയെല്ലാം ഇവരൊന്നിച്ച പ്രശസ്തമായ ചലച്ചിത്രങ്ങളാണ്. രണ്ടുവട്ടം തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.
ചലച്ചിത്ര താരങ്ങളായ ശന്തനു, ഖുശ്ബു ഉൾപ്പടെ നിരവധി പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമായും തമിഴ് സിനിമയിലാണ് ഛായാഗ്രഹണം നിർവ്വഹിച്ചതെങ്കിലും തെലുങ്കിലും മലയാളത്തിൽ 'ഒരു യാത്രാമൊഴി' ഉൾപ്പടെ നിരവധി ചിത്രങ്ങളിലും ബി. കണ്ണൻ ഛായാഗ്രാഹണം നിർവ്വഹിച്ചിട്ടുണ്ട്.