 വിവാഹം റദ്ദാക്കിയത് 30 വരെ

ഗുരുവായൂർ: ഗുരുവായൂരപ്പന്റെ തിരുമുന്നിൽ ഇന്നലെ നടന്ന രണ്ട് താലികെട്ടിനു ശേഷം അനിശ്ചിത കാലത്തേക്ക് വിവാഹം ഒഴിവാക്കിയതോടെ ഇന്നു മുതൽ നടത്താൻ ബുക്കു ചെയ്തവർ വിഷമത്തിലായി. ആഗസ്റ്റ് വരെയുള്ള വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നത്. ഈ മാസത്തിലേത് മുഴുവൻ റദ്ദാക്കി. ബാക്കി വിവാഹങ്ങളുടെ കാര്യത്തിൽ അന്നത്തെ സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കുമെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. മിഥുനം ഒന്നായ തിങ്കളാഴ്ച 26 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നത്.
ഗുരുവായൂരിന്റെ സമീപ പ്രദേശങ്ങളായ ചാവക്കാട് നഗരസഭ, വടക്കേക്കാട് പഞ്ചായത്ത് എന്നിവിടങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഹോട്ട്‌ സ്‌പോട്ടായതിനെ തുടർന്നാണ് ക്ഷേത്ര ദർശനത്തിനും വിവാഹങ്ങൾ നടത്തുന്നതിനും വെള്ളിയാഴ്ച വിലക്കേർപ്പെടുത്തിയത്.

കൊവിഡിനെ തുടർന്ന് മാർച്ച് 15ന് ശേഷമാണ് ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്കു വന്നത്. 77 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഈ മാസം 4ന് വീണ്ടും അനുവാദമായി. വധുവും വരനും ഉൾപ്പെടെ പത്തു പേർക്കു മാത്രമായിരുന്നു പ്രവേശനം. ഓൺലൈൻ ബുക്കിംഗാണ് ഏർപ്പെടുത്തിയിരുന്നത്.

വിവാഹ ബുക്കിംഗ്
179: ആഗസ്റ്റ് വരെ

51: നടന്നത്

വിശ്വാസത്തിന്റെ കെട്ട്

ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിൽ, കണ്ണനു മുന്നിൽ താലികെട്ടിയാൽ ദീർഘ ദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം. കിഴക്കേ നടയിലെ മണ്ഡപത്തിലാണ് വിവാഹം നടക്കുന്നത്. ഇവിടെ ദീപാരാധന തൊഴുന്നത് പ്രണയസാഫല്യത്തിനും ഉത്തമമെന്ന് വിശ്വസിച്ചുപോരുന്നു.