nepal-

ന്യൂഡൽഹി : ഇന്ത്യൻ ഭൂപ്രദേശങ്ങളെ നേപ്പാളിന്റെ ഭാഗമാക്കി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് നേപ്പാൾ പാർലമെന്റ് അംഗീകാരം നൽകി. ഇന്ത്യയുടെ അതിർത്തിയോടു ചേർന്ന് ഉത്തരാഖണ്ഡിൽ സ്ഥിതിചെയ്യുന്ന കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ പ്രദേശങ്ങളാണ് നേപ്പാളിന്റെ ഭാഗമാക്കി ഭൂപടം തയ്യാറാക്കുന്നത്. 275 അംഗ ജനപ്രതിനിധി സഭയിൽ പ്രതിപക്ഷത്തിന്റെ ഉൾപ്പെടെയുള്ള പിന്തുണയോടെയാണു ഭേദഗതി പാസാക്കിയത്. തുടർനടപടികൾക്കായി ബിൽ ദേശീയ അസംബ്ലിയിലേക്ക് അയക്കും.

ഭൂപടം പരിഷ്കരിക്കുന്നതിൽ ഇന്ത്യനേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. ഭൂപട പരിഷ്കരണം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്ന ഇന്ത്യയുടെ നിലപാട് തള്ളിയാണു നേപ്പാളിന്റെ പുതിയ നടപടി. തർക്കപ്രദേശമായ കാലാപാനി ഉത്തരാഖണ്ഡിലെ പിതോരാഗഡ് ജില്ലയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ ധാർജുലയുടെ ഭാഗമാണിതെന്നു നേപ്പാൾ അവകാശപ്പെടുന്നു. ചരിത്രവസ്തുതകളോ തെളിവുകളോ ആധാരമാക്കാത്തതാണ് നേപ്പാളിന്റെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.