മുംബയ്: ബാങ്കുകളുടെ സി.ഇ.ഒ., മുഴുവൻ സമയ ഡയറക്ടർമാർ എന്നിവരുടെ പ്രായപരിധി 70 ആക്കാൻ ശുപാർശ ചെയ്തതിന് പിന്നാലെ, സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനം സംബന്ധിച്ച മാനദണ്ഡത്തിലും സമൂലമാറ്രം വരുത്താൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. ഉടമസ്ഥാവകാശം, ഭരണനിർവഹണം, കോർപ്പറേറ്ര് ഘടന എന്നിവയുടെ മാനദണ്ഡമാണ് പരിഷ്കരിക്കുക.
റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടർ ബോർഡ് അംഗം പി.കെ. മൊഹന്തി അദ്ധ്യക്ഷനായ അഞ്ചംഗ ഇന്റേണൽ വർക്കിംഗ് ഗ്രൂപ്പാണ് മാനദണ്ഡങ്ങൾ പുനഃപരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുക. സെപ്തംബർ 30നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കേന്ദ്ര ഡയറക്ടർ ബോർഡ് അംഗം സച്ചിൻ ചതുർവേദി, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ലില്ലി വധേര, എസ്.സി. മുർമു, ചീഫ് ജനറൽ മാനേജർ ശ്രീമോഹൻ യാദവ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റംഗങ്ങൾ.
സ്വകാര്യ ബാങ്കുകളുടെ ലൈസൻസിംഗ്, പ്രമോട്ടറുടെ ഓഹരി പങ്കാളിത്തം തുടങ്ങിയവയിലെല്ലാം മാറ്രം പ്രതീക്ഷിക്കാം. കോട്ടക് മഹീന്ദ്ര ബാങ്ക് പ്രമോട്ടർമാരുടെ ഓഹരി പങ്കാളിത്തം നേരത്തേ 26 ശതമാനമായി നിജപ്പെടുത്താൻ റിസർവ് ബാങ്ക് അനുവദിച്ചിരുന്നു. വോട്ടിംഗ് അവകാശത്തിന് വേണ്ട മിനിമം ഓഹരി പങ്കാളിത്തം 15 ശതമാനമാണ്. സ്വകാര്യ ബാങ്ക് പ്രമോട്ടർമാർ ഓഹരി പങ്കാളിത്തം മൂന്നുവർഷത്തിനകം 40 ശതമാനത്തിലേക്കും 10 വർഷത്തിനകം 20 ശതമാനത്തിലേക്കും 15 വർഷത്തിനകം 15 ശതമാനത്തിലേക്കും കുറയ്ക്കണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം. 2014ൽ റിസർവ് ബാങ്കിൽ നിന്ന് ലൈസൻസ് നേടി പ്രവർത്തനം ആരംഭിച്ച ബന്ധൻ ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക് എന്നിവയ്ക്കും നിർദേശം ബാധകമാണ്.