maneesh

ശ്രീകണ്ഠപുരം: പയ്യാവൂർ പുഴയുടെ പാറക്കടവ് കൂട്ടുപുഴ ഭാഗത്ത് കുളിക്കാനിറങ്ങി കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി.

ഇരിക്കൂർ പയസായി സ്വദേശി ഇടച്ചേരി താഴത്ത് മനീഷിന്റെ (21) മൃതദേഹമാണ് ഇന്നലെ രാവിലെ ഒൻപത് മണിയോടെ ആദ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വൈകിട്ട് അഞ്ചു മണിയോടെ വഞ്ചിയത്തെ വി.സി. സനൂപ് (19), പൈസക്കരിയിലെ പാത്തിക്കുളങ്ങര അരുൺ സജി (19) എന്നിവരുടെ മൃതദേഹം 750 മീറ്റർ താഴെ ഭാഗത്ത് നിന്നു കണ്ടെത്തുകയായിരുന്നു.

ഇവർക്കൊപ്പം കുളിക്കാനെത്തിയ പയ്യാവൂർ എൻ.എസ്.എസ് ആഡിറ്റോറിയത്തിന് സമീപത്തെ പുത്തൻപുരയിൽ അജിത്ത് രാജൻ കുളിക്കാനിറങ്ങാത്തതിനാൽ രക്ഷപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കുളിക്കുന്നതിനിടയിൽ ചുഴിയിൽപ്പെട്ട് മൂന്നുപേരും മുങ്ങിത്താണത്. തുടർന്ന് രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

ഇന്നലെ രാവിലെ തളിപ്പറമ്പ്, ഇരിട്ടി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെയും ശ്രീകണ്ഠപുരം സി.ഐ ജോഷി ജോസ്, പയ്യാവൂർ എസ്.ഐ പി.സി. രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്നു 20 മീറ്റർ താഴേനിന്ന് ആദ്യ മൃതദേഹം കണ്ടെത്തിയത്.

ശ്രീകണ്ഠപുരം പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ മനീഷിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം പയ്യാവൂർ വണ്ണായി കടവിലെ ബന്ധുവിന്റെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സനൂപിന്റെയും അരുൺ സജിയുടെടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

പയസായിലെ എടച്ചേരി താഴത്തെവീട്ടിൽ ഗോപിനാഥ് - ഓമന ദമ്പതികളുടെ മകനാണ് മനീഷ്. റബർ ടാപ്പിംഗ്, ബൈക്ക് മെക്കാനിക്ക് ജോലികൾ ചെയ്തുവരികയായിരുന്നു. സഹോദരി: മഞ്ജിമ.

പൈസക്കരി പാത്തിക്കുളങ്ങര വീട്ടിൽ സജി-റെമി ദമ്പതികളുടെ മകനാണ് അരുൺ. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. സഹോദരങ്ങൾ: നിതിൻ, നീതു. വഞ്ചിയത്തെ വലിയവീട്ടിൽ ഓമനയുടെയും ചന്ദ്രന്റെയും മകനാണ് നിർമ്മാണത്തൊഴിലാളിയായ സനൂപ്. സഹോദരങ്ങൾ: സാലു (എറണാകുളം), ശരത്ത് (ആർമി, ഡൽഹി).